വിവേകചൂഡാമണി


Ramadevi Ramakrishnan 0 Comments

വിവേകചൂഡാമണി


ജന്തൂനാം നരജന്മ ദുർലഭമത: പുംസ്ത്വം തതോ വിപ്രതാ
തസ്മാദ് വൈദികധർമ്മമാർഗ്ഗപരതാ വിദ്വത്ത്വമസ്മാത്പരം
ആത്മാനാത്മവിവേചനം സ്വനുഭവോ ബ്രഹ്മാത്മനാ സംസ്ഥിതിർ
മുക്തിർനോ ശതകോടി ജന്മസുകൃതൈ: പുണ്യൈർവിനാ ലഭ്യതേ

ശ്രീശങ്കരാചാര്യ സ്വാമികളിൽ കൂടിയാണ് ഉപനിഷദ് തത്വങ്ങൾ കൃതകൃത്യങ്ങളായത്. അതിനു മുൻപ് അവ അങ്ങിങ്ങു ചിന്നി ചിതറി കിടക്കുക ആയിരുന്നു. സൂക്ഷ്മദൃക്കുകൾക്കു മാത്രമേ അവയുടെ പ്രകാശം കാണാനും വില മനസ്സിലാക്കാനും കഴിഞ്ഞിരുന്നുള്ളൂ. ആ അമൂല്യ രത്നങ്ങൾ തേടി എടുത്തു മനോഹരമായ ഒരു ഹാരം ആക്കിയത് ശ്രീശങ്കരാചാര്യ സ്വാമികളാണ്. അവയെ അങ്ങനെ അടുക്കി ചിട്ടപ്പെടുത്തി എടുക്കുകയാണ് അദ്ദേഹം പ്രസ്ഥാനത്രയത്തിന്റെ പ്രസന്നഗംഭീരങ്ങളായ സ്വഭാഷ്യങ്ങൾ കൊണ്ട് ചെയ്യുന്നത്. ആ ഭാഷ്യങ്ങളിലേക്കും ഉപനിഷത്തുക്കളിലേക്കും പ്രവേശിക്കുന്നതിന് സാധകനെ സഹായിക്കാൻ ആചാര്യൻ അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അവയുടെ എല്ലാം ചൂഡാമണി ആയിട്ടുള്ള പ്രകരണഗ്രന്ഥമാണ് ‘വിവേകചൂഡാമണി’. വേദാന്തചിന്താമണികളാണ് ഇതിലെ ഓരോ ശ്ലോകവും. വിവേകചൂഡാമണിയിലെ രണ്ടാമത്തെ ശ്ലോകമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ജീവികൾക്ക് നരജന്മം കിട്ടുക എന്നത് വളരെ പ്രയാസമേറിയതാകുന്നു. നരജന്മം കിട്ടിയാലും പുരുഷനാകാൻ അതിലും പ്രയാസം. പുരുഷനായാലും ബ്രാഹ്മണ്യം കിട്ടാൻ വളരെ വിഷമം. ബ്രാഹ്മണനായാൽ തന്നെ വൈദികധർമ്മാനുഷ്ടാനത്തിൽ താത്പര്യം ഉണ്ടാകുക ചുരുക്കമാണ്. താത്പര്യം ഉണ്ടായാൽ തന്നെ ശാസ്ത്രജ്ഞാനം നേടാൻ അതിലും പ്രയാസമാണ്. ആത്മാവിനെയും അനാത്മാവിനെയും വേർതിരിച്ചറിഞ്ഞു ആത്മസാക്ഷാത്‍കാരം സാധിച്ചു ബ്രഹ്മാത്മൈക്യ ബോധത്തിൽ എത്തിച്ചേരുക എത്രയോ പ്രയാസമേറിയ കാര്യം ആകുന്നു. അനേകകോടി ജന്മങ്ങൾ ചെയ്ത പുണ്യത്തിന്റെ ഫലമായിട്ടല്ലാതെ മുക്തി ലഭിക്കുകയില്ല. അതിനായി ധർമ്മാനുഷ്ഠാനം അവിശ്യ കർത്തവ്യമാകുന്നു. നിവർത്തിധർമം സ്വീകരിച്ചു വേദാന്തശ്രവണവും മനനവും ശീലിക്കണം. അത് വഴി ജീവ-ബ്രഹ്മാത്മൈക്യ ബോധം സിദ്ധിക്കുന്നു. ഈ കേവലാവസ്ഥ ദീർഘകാലത്തെ സാധനാനുഷ്ടാനം കൊണ്ട് മാത്രമേ പ്രാപിക്കാൻ കഴിയുകയുള്ളു.

ഹരി ഓം

– ശ്രീമതി. രമാദേവി രാമകൃഷ്ണൻ, തിരുവനന്തപുരം