ബ്രഹ്മശ്രീ ഇളയിടം ശങ്കരനാരായണൻ നമ്പൂതിരി
(മനു കുമാർ ഇളയിടം)

അഥാപി സംവദിഷ്യാമോ ഭവാന്യേ തേന സാധുനാ
അയം ഹി പരമോ ലാഭോ നൃണാം സാധുസമാഗമഃ

എന്നാലും ഹേ ഭവാനി! നമ്മൾക്കീ സാധുവിനോടുകൂടി കുറെ സംഭാഷണം ചെയ്യാം. എന്തുകൊണ്ടെന്നാൽ സാധുക്കളോടുള്ള ചേർച്ച മനുഷ്യർക്കു പരമലാഭമാണല്ലോ. നാശരഹിതമായ പരമാനന്ദം തരുന്നതാകയാൽ
അതിന്മീതെ ലഭിക്കേണ്ടതായി യാതൊന്നുമില്ല.

( ശ്രീമദ് ഭാഗവതം – ദ്വാദശ സ്കന്ധം, അദ്ധ്യായം 10, ശ്ലോകം 7 )

ഭാഗവത പ്രചരണാർത്ഥം രൂപീകരിക്കപ്പെട്ട SrimadBhagavatham.org എന്ന ആശയത്തിൻ്റെ സ്‌ഥാപകനും നേതൃത്ത്വവുമായ ബ്രഹ്മശ്രീ ഇളയിടം ശങ്കരനാരായണൻ നമ്പൂതിരി, കോട്ടയം ജില്ലയിലെ മര്യാത്തുരുത്തു ഇളയിടത്തു ഇല്ലം കുടുംബാംഗമാകുന്നു. ബാല്യകാല വിദ്യാഭ്യാസവും ഒപ്പം കഥകളി പഠനവും. ശേഷം, അച്ഛൻ ബ്രഹ്മശ്രീ. നീലകണ്ഠൻ നമ്പൂതിരി, ഗുരുസ്‌ഥാനീയനായ ബ്രഹ്മശ്രീ. കല്ലമ്പള്ളി ശൈലേഷ് നമ്പൂതിരി എന്നിവരിൽ നിന്നും ക്ഷേത്ര പൂജാ താന്ത്രിക പരിചയം നേടുകയും ചെയ്തു. തുടർന്ന് ആദ്ധ്യാത്മിക പഠനത്തിൽ താല്പര്യം ഉൾക്കൊണ്ടു, ഗുരുവിൻ്റെ നിർദ്ദേശ പ്രകാരം ഭാഗവതഹംസം ബ്രഹ്മശ്രീ. മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ശിക്ഷണത്തിൽ ശ്രീമദ് ഭാഗവത പാരായണ പരിചയം നേടുകയും, അദ്ദേഹത്തിൽ നിന്നും ഭാഗവത ഉപദേശം ലഭിക്കുകയുമുണ്ടായി. ആചാര്യന്റെ അനുഗ്രഹത്തോടൊപ്പം, നിരവധി സപ്താഹ വേദികളിൽ അദ്ദേഹത്തിന്നരികെ ഭാഗവതോപാസന നടത്തുവാൻ ഭാഗ്യം സിദ്ധിച്ചു എന്നത് ഈ ജന്മ സുകൃതമായി ഇളയിടം കരുതുന്നു.

പ്രമുഖ ക്ഷേത്രങ്ങളിൽ മേൽശാന്തിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഇപ്പോൾ ഭാഗവത ഉപാസനക്കൊപ്പം ക്ഷേത്ര പൂജാ താന്ത്രിക കർമ്മങ്ങളിലും പ്രവർത്തിച്ചു പോരുന്നു. മനുഷ്യ സമൂഹത്തെ ഒന്നായി ബാധിച്ച മഹാമാരിയുടെ കാലത്ത് സാമൂഹ്യ മാദ്ധ്യമങ്ങളുടെ സാദ്ധ്യത പ്രയോജനപ്പെടുത്തി നിരവധി സത്‌സംഗങ്ങൾ നടത്തുവാനും, ആദ്യമായി Zoom Application ലൂടെ സപ്താഹവും നവാഹവും സംഘടിപ്പിക്കുക വഴി അനേകം ഭാഗവത പ്രേമികൾക്ക് അവരുടെ ഭവനങ്ങളിൽ ഇരുന്നുകൊണ്ടുതന്നെ ഭഗവത്കടാക്ഷത്തിനു പാത്രീഭൂതരാകുവാനും കഴിഞ്ഞു എന്നത് പ്രശംസനീയം തന്നെ.

ലാഭേച്ഛ കൂടാതെയുള്ള ഭാഗവത, സനാതന ധർമ്മ ബോധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി, നമ്മുടെ നിരവധി ആചാര്യന്മാരെ പങ്കെടുപ്പിച്ചു കൊണ്ട്, അവരിൽ നിന്നും വിലയേറിയ അറിവുകൾ പകരുന്നതിന്, ഓൺലൈൻ പ്രഭാഷണ പരമ്പരകളും, പഠന ക്ലാസ്സുകളും ‘ഭാഗവത കുടുംബം‘ എന്ന ആശയത്തിൻ കീഴിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടുവരുന്നു. കൂടാതെ കുട്ടികൾക്കായി ‘ഭാഗവത ബാല കുടുംബം‘ എന്നായി പുരാണ പഠന ക്‌ളാസ്സുകളും നടത്തി വരുന്നു. ഈശ്വരേച്ഛയാൽ, വരും നാളുകളിലും സത്‌സംഗങ്ങൾ വിജയകരമായി നടത്തിപ്പോരുക, ‘ഭാഗവതം ജീവിതത്തിലൂടെ‘ എന്ന പ്രഭാഷണ പരമ്പര, ‘ഭാഗവത പാരായണ പഠനം‘ തുടങ്ങിയവയിലൂടെ ഭാഗവത മാഹാത്മ്യം കൂടുതൽ പേരുടെ ജീവിത ഭാഗമായി തീരുവാൻ കാരണമാകുക എന്നതു മാത്രമാണ് ഇദ്ദേഹത്തിൻ്റെ ലക്ഷ്യവും ആഗ്രഹവും.

എല്ലാ സജ്ജനങ്ങളും ഭാഗവത പ്രേമികളും ഭാഗവത കുടുംബത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചു തിരുമേനിയുടെ ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും ശക്തി പകരണമെന്നു താത്പര്യപ്പെടുന്നു.

സ്നേഹപൂർവ്വം,
SrimadBhagavatham.org

ഹരേ മുകുന്ദ!

ഭക്ത്യാ ഭാഗവതം ജ്ഞേയം, ജീവിത കഥയാണ് ഭാഗവതം, മനുഷ്യമനസ്സാണ് ഭാഗവതം, മനുഷ്യത്വമാണ് യഥാർത്ഥ ഭക്തി.

ജ്ഞാനം പൂർണമാവുന്നത് സ്വയം മനസ്സിലാക്കുമ്പോഴാണ്. ആത്മ നിരീക്ഷണത്തിലൂടെ എത്തിച്ചേരുന്ന തൻ്റെ ഉറവിടത്തിൻ്റെ ആസ്ഥാനം ഈശ്വരനാണ് എന്നതിനെ കുറിച്ചുള്ള അപഗ്രഥനമാണ് ശ്രീമദ് ഭാഗവതം. വൈദിക കർമ്മങ്ങളിൽ (വർണ്ണാശ്രമധർമ്മങ്ങൾ) നിന്നും കിട്ടിയ അറിവും ആത്മീയജ്ഞാനവും ഒത്തുചേരുമ്പോഴാണ് യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കുന്നത്. ഈ ഭാഗവതമാകുന്ന ഉപാസനാ ഗ്രന്ഥം തപോധനനായിരുന്ന ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയിൽ നിന്നും പരിചയപ്പെടുകയും അവിടുത്തെ അനുഗ്രഹത്താൽ ഈയുള്ളവനും ഉപദേശിച്ചത് വേണ്ട വിധം മനസ്സിലാക്കാൻ ശ്രമിക്കുന്നു. അനന്തമായ മഹാസാഗരമാകുന്ന ഭാഗവത ഗംഗയിലെ തീർത്ഥത്തിൽ നിന്നും എൻ്റെ ബുദ്ധിക്കനുസരിച്ച് കിട്ടിയ ജലകണങ്ങളെ നിങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നു. ശ്രീമദ് ഭാഗവതത്തിന്റെ ലക്ഷ്യം മനസ്സിലാക്കി ജനങ്ങളിലേക്ക് എത്തിച്ച് അവർ അജ്ഞത കൊണ്ട് അനുഭവിക്കുന്ന ദുഃഖങ്ങളെ ഇല്ലാണ്ടാക്കി ശാന്തിയും സമാധാനവും ഉണ്ടാവണം എന്നതാണ് മുഖ്യ ലക്ഷ്യം.

ഇളയിടം ശങ്കരനാരായണൻ നമ്പൂതിരി (മനു ഇളയിടം)