അഷ്ടമിരോഹിണി
അഷ്ടമിരോഹിണി നാളിലോരുദിനം
ദുഷ്ടനാം കംസൻ്റെ കൽത്തുറുങ്കിൽ
ഇഷ്ട വസുദേവ ദേവകീ പുത്രനായ്
തുഷ്ടിയോടെ കണ്ണനവതരിച്ചു
ധന്യരാം മാതാപിതാക്കളെ വന്ദിച്ചു
കണ്ണനവരോടു മെല്ലേ ചൊല്ലി
എന്നെയെടുത്തിനി നന്ദഗോപൻ തൻ്റെ
ഗേഹത്തിൽ കൊണ്ടു കിടത്തീടണം
അവിടെ യശോദ പെറ്റുണ്ടായ മായയെ
ഇവിടെയും കൊണ്ടു വന്നീടവേണം
മായാപ്രഭാവത്താൽ കാരാഗ്രഹം വിട്ടാ
കണ്ണനെ നന്ദഗേഹത്തിലാക്കി
മായയെ വസുദേവൻ കൊണ്ടുവന്നയുടൻ
ബന്ധനം പൂർവ്വസ്ഥിതിയിലായി
നന്ദയശോദമാർ സുന്ദര രൂപനെ
അമ്പാടി പൈതലായ് വാഴ്ത്തി വന്നു.
ഗോപാലരും ഗോപിമാരും പശുക്കളും
ഗോകുലത്തിൽ മോദമോടെ വാണു.
അന്നൊരുനാളിലാ പൂതന കണ്ണനെ
കംസ നിയോഗത്താൽ കാണാനെത്തി.
ദുർവിഷ ദൂഷിതമായ സ്തനങ്ങളെ
ഗർവ്വിതയാമവൾ കണ്ണനേകി
സ്തന്യ പാനം ചെയ്തു കണ്ണനാ
കന്യയ്ക്ക് മുക്തി നൽകി ധന്യധന്യയാക്കി
പൂതനാമോക്ഷം നമുക്കുപഠിക്കുവാൻ
മോദേന കാട്ടിയ ലീലയല്ലോ
ദുർവിഷം നൽകിയ പൂതനയ്ക്കും കണ്ണൻ
സർവ്വം ക്ഷമിച്ചേവം മുക്തിനല്കി.
രചന
ശ്രീമതി. പദ്മിനി പ്രഭാകർ, മുടപ്പല്ലൂർ
ആലാപനം
ശ്രീമതി. സരളാ ദേവി. എം. ആർ.
Comments are closed.