ഭാഗവതത്തിലെ പ്രഹ്ളാദ വാക്ക് എടുത്താൽ ബാല്യകാലത്തു തന്നെ ഭഗവത് ഭക്തി തുടങ്ങണം. പരമപുരുഷാർത്ഥം ലഭിക്കണമെങ്കിൽ കേവലം നശ്വരമായ ദുർല്ലഭം ആയ മനുഷ്യ ജന്മത്തിലൂടെ മാത്രമേ സാധിക്കൂ. ചിന്തിക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനും വേണ്ട വിശേഷബുദ്ധിയുള്ള മനുഷ്യർ ചെറുപ്പകാലത്തു തന്നെ സ്വധർമ്മം ആചരിച്ചു തുടങ്ങണം. കേവലം നിമിഷാർത്ഥം മാത്രം ദൈർഘ്യമുള്ള വിഷയസുഖങ്ങളിലേക്കു പോകാതെ ആത്യന്തിക സുഖം ലഭിക്കുന്ന ഭക്തിയിലേക്ക് വേണം നമ്മുടെ യാത്ര. ഈ സംസാര സമുദ്രം കടക്കണമെങ്കിൽ ഭഗവത് ഭക്തി തന്നെ വേണം. ചുരുക്കി പറഞ്ഞാൽ കാമ്യകർമ്മങ്ങൾ അല്ല, മറിച്ച് ഭഗവത് പ്രീതികരങ്ങളായ കർമ്മങ്ങൾ തന്നെയാണ് മനുഷ്യരുടെ യഥാർത്ഥ ധർമ്മം. ഒരു മനുഷ്യൻ എത്ര കാലം ജീവിച്ചിരിക്കും എന്ന് യാതൊരു നിശ്ചയവും ഇല്ല എന്നതുകൊണ്ടാണ് കുട്ടിക്കാലത്തു തന്നെ തുടങ്ങണം എന്ന് പറയുന്നത്. അടുത്ത ജന്മത്തിലാകാം എന്ന് വിചാരിച്ചാൽ അതിനും സാധ്യതയില്ല എന്തെന്നാൽ “ദുർലഭം മാനുഷം ജന്മം” എന്നാണ് പറയുന്നത്. യാജ്ഞവല്ക്യൻ പറയുന്നു, “യാഗാനുഷ്ടാനം, സദാചാരനിഷ്ഠ, ഇന്ദ്രിയനിഗ്രഹം, അഹിംസാവൃതം, ത്യാഗം, വേദാധ്യയനം, എന്നീ കർമ്മങ്ങളുടെ പരമഫലം ഭക്തിയോഗത്തെ ആശ്രയിച്ച് ആത്മസ്വരൂപത്തെ അറിവാൻ സാധിക്കുന്നത് തന്നെ” എന്നാണ്. സർവ്വഭയങ്ങളേയും തീർത്ത് പരമപുരുഷാർത്ഥത്തെ നല്കാൻ സമർത്ഥനും അധികാരിയുമായ വിഷ്ണുവിനെ സർവ്വാത്മനാ ശരണം പ്രാപിക്കുന്നത് തന്നെ സമുചിതം.
– ബ്രഹ്മശ്രീ പുല്ലേരി പ്രകാശ് കൃഷ്ണൻ നമ്പൂതിരി, തൃക്കാരിയൂർ.
Comments are closed.