കണ്ണനെ കാണണം


srimadbhagavatham.org 8 Comments

കണ്ണനെ കാണണം

കണ്ണനെ ഒന്നു കാണണം… കണ്ണനെ ഒന്നു കാണണം
കാതില്‍ ചൊല്ലേണം കണ്ണാ…. നീയാണെൻ ജീവൻ….
കണ്ണാ നീയാണെൻ ജീവന്‍.

നറുനിലാവെഴും ആ പാൽ പുഞ്ചിരിയിൽ
മയങ്ങി നിൽക്കേണം… കണ്ണാ…. മയങ്ങി നിൽക്കേണം.
നാരായണ എന്നുകൂപ്പിച്ചൊല്ലിതൊഴുതാ
കാൽക്കൽ വീഴേണം… കണ്ണാ… കാൽക്കൽ വീഴേണം.

സ്വർണ്ണസിംഹാസനത്തിൽ ഇരുത്തി ആ
തൃക്കാൽ കഴുകിക്കേണം… കണ്ണാ… തൃക്കാൽ കഴുകിക്കേണം.
തുളസീദളങ്ങളാൽ മാല കൊരുത്തെൻ്റെ
കണ്ണന് ചാർത്തേണം… എൻ്റെ കണ്ണന് ചാർത്തേണം.

പൂമ്പട്ട് കസവുള്ള ഉത്തരീയം നൽകി
സ്വാഗതമോതേണം.. കണ്ണന്… സ്വാഗതമോതേണം.
മഞ്ഞപ്പട്ട് നൽഞൊറിയിട്ട് ചാർത്തിക്കൊടുക്കേണം…
കണ്ണന് ചാർത്തി ക്കൊടുക്കേണം.

മുത്തും പവിഴവും വെച്ച ആഭരണങ്ങള്‍
ചന്തത്തിൽ ചാർത്തിക്കണം.. കണ്ണന് ചന്തത്തിൽ ചാർത്തിക്കണം.
കിലുകിലെ കിലുങ്ങുന്ന അരമണികിങ്ങിണി
അണിയിച്ചു കൊടുക്കേണം.. കണ്ണന് അണിയിച്ചു കൊടുക്കേണം.

മധുവൂറും നാദം പൊഴിക്കാനൊരു
പൊന്നോടക്കുഴൽ നൽകേണം.. കണ്ണന് പൊന്നോടക്കുഴൽ നൽകേണം.
നീലക്കാർകൂന്തലിനഴകു കൂട്ടാനൊരു പൊന്നിന്‍ കിരീടം അണിയിക്കണം…
കണ്ണന് പൊന്നിന്‍ കിരീടം അണിയിക്കണം.

കുണ്ഡലഗണ്ഡങ്ങളും മയില്‍പ്പീലിയും ചാർത്തി
കണ്ണനെ ഒരുക്കേണം… കണ്ണനെ ഒരുക്കേണം.
പൊന്നിന്‍ തളികയിൽ പായസവും നറുവെണ്ണയും നേദിക്കണം…
കണ്ണന്.. പായസവും നറുവെണ്ണയും നേദിക്കണം.

താമരപ്പൂവുതോൽക്കുമാ പൊന്മേനി തഴുകി തലോടേണം..
കണ്ണനെ തഴുകി തലോടേണം.
മതിയാവോളം മടിയില്‍ കിടത്തി താലോലിക്കേണം..
കണ്ണനെ താലോലിക്കേണം.
ശ്രുതിയും താളവും ഇല്ലെങ്കിലും നിൻ സ്തുതികൾ ചൊല്ലേണം…
കണ്ണാ സ്തുതികൾ ചൊല്ലേണം.

നീ മയങ്ങുന്നതിൻ മുന്പാ തൃക്കൈവിരലുകൾ എന്നെ തഴുകേണം…
കണ്ണാ എന്നെ തഴുകേണം.
സ്വപ്നത്തിലെങ്കിലും നിന്നുടെ ലീലകൾ എന്നെ കാണിക്കണേ…
കണ്ണാ എന്നെ കാണിക്കണേ…
കണ്ണാ എന്നെ കാണിക്കണേ…

രചന

ശ്രീമതി. ഇന്ദിര മോഹൻ പിള്ള, മുംബൈ

Comments are closed.