ഗും ഗുരുഭ്യോ നമഃ
ഗുരോരനുഗ്രഹേണൈവ പുമാൻ പൂർണ്ണ: പ്രശാന്തയേ
ഇത്തരം ത്യാഗമാണ് ഒരു നല്ല ശിഷ്യന്ന് ഗുരുവിന്ന് നൽകാനുള്ള പ്രത്യുപകാരം അതെന്തെന്നാൽ പരിശുദ്ധമായ അന്തഃകരണത്തോടെ സർവ്വവസ്തുക്കളും ശരീരം പോലും സമർപ്പിക്കുകതന്നെ. ദ്വിജ ശ്രേഷ്ഠരായ ഭവാന്മാരിൽ ഞാൻ സന്തുഷ്ടനാണ്, ഭവാന്മാരുടെ മനോരഥം സഫലമാകും. നാം അദ്ധ്യയനം ചെയ്യിച്ച വേദവിദ്യ ഇഹത്തിലും പരത്തിലും അയാതയാമങ്ങളായി ഭവിക്കും. നമ്മുടെ ഗുരുകുലവാസകാലത്ത് ഇത്തരം പലേ സംഭവങ്ങളുമുണ്ടായത് ഓർക്കുമല്ലോ. ഒരാൾക്ക് പൂർണ്ണമായ ശാന്തത കൈവരുന്നത് ഗുരുവിൻ്റെ അനുഗ്രഹത്താൽ മാത്രമാണ്.
സദ്ഗുരുഭ്യോ നമ:
എൻ്റെ കലാലയ ജീവിതത്തിനു ശേഷം അച്ഛൻ ബ്രഹ്മശ്രീ. നീലകണ്ഠൻ നമ്പൂതിരി, ഗുരുസ്ഥാനീയനായ ബ്രഹ്മശ്രീ. കല്ലമ്പള്ളി ശൈലേഷ് നമ്പൂതിരി എന്നിവരിൽ നിന്നും ക്ഷേത്ര പൂജാ താന്ത്രിക പരിചയം നേടുകയും, തുടർന്ന് ആദ്ധ്യാത്മിക പഠനത്തിൽ താല്പര്യം ഉൾക്കൊണ്ടു, ഗുരുവും മാർഗ്ഗ ദർശിയുമായ ബ്രഹ്മശ്രീ. കല്ലമ്പള്ളി ശൈലേഷ് നമ്പൂതിരിയുടെ തന്നെ നിർദ്ദേശ പ്രകാരം ഭാഗവതഹംസം ബ്രഹ്മശ്രീ മള്ളിയൂർ ശങ്കരൻ നമ്പൂതിരി അദ്ദേഹത്തെ പരിചയപ്പെടുകയും ചെയ്തു. ധാരാളം കാലം അദ്ദേഹത്തിൻ്റെ കൂടെ സപ്താഹ വേദികളിലെ പൂജ നിർവഹിക്കാൻ ഭാഗ്യമുണ്ടായി. അങ്ങനെ ഒരു ദിവസം അദ്ദേഹം മള്ളിയൂർ മഹാഗണപതിയുടെ തിരുസന്നിധിയിൽ വച്ച് ഭാഗവതത്തിലെ ചതു: ശ്ലോകീ ഭാഗവതം ഉപദേശിച്ചു തന്നു. അത് ധാരാളം കാലം ഒരു ഉപാസന പോലെ ജീവിതത്തിൽ കൊണ്ടു നടന്നു. പരമാവധി ഗൃഹത്തിൽ ഇരുന്ന് പാരായണം മുറയായി ചെയ്ത് പോന്നു. അദ്ദേഹത്തിൻ്റെ മരണ സമയം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എല്ലാവർഷവും കർക്കിടക മാസാന്ത്യത്തിൽ ഉപാസന നടത്തേണ്ടുന്ന ദിവസം ഈ പുലക്കാലമായതിനാൽ അദ്ദേഹത്തിൻ്റെ പുത്രനായ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ നിർദ്ദേശത്തിൽ ആ വായന ആചാര്യനായി കഴിക്കുവാൻ ഈയുള്ളവനെ നിയോഗിച്ചു. ഗുരു കടാക്ഷം ഒന്നുകൊണ്ട് മാത്രം പാരായണം പോലും ശരിയാകാത്ത എന്നെ കൊണ്ട് ആ സപ്താഹം അമ്പലപ്പുഴ കണ്ണൻ നടത്തിച്ചു. പിന്നീട് താല്പര്യത്തോടെ പലേ ആചാര്യന്മാരുടെ കൂടെ സപ്താഹ വേദികളിൽ പൂജയ്ക്കും വായനക്കുമായി ധാരാളം അവസരങ്ങൾ ഗുരുവായൂരപ്പൻ ഒരുക്കി തന്നു. ആ ദീപം കെടുത്താതെ കൊണ്ടു നടക്കുന്നു. ആചാര്യനാകാനുള്ള യോഗ്യതയില്ലെങ്കിലും ആ മഹാത്മാവിൻ്റെ പ്രത്യക്ഷ അനുഗ്രഹം കൊണ്ട് മാത്രം ഭാഗവതോപാസന നടത്തുവാൻ സാധിക്കുന്നു. അദ്ദേഹത്തിൻ്റെ മരണത്തിൻ്റെ പിറ്റേ വർഷം മുതൽ ഇല്ലത്തെ പരദേവതാ ക്ഷേത്രമായ കുമാരനല്ലൂർ പുതുക്കുളങ്ങര ക്ഷേത്രത്തിൽ അദ്ദേഹത്തിൻ്റെ ശ്രാദ്ധ ദിവസം തീരാൻ പാകത്തിന് സപ്താഹോപാസന നടത്തി വരുന്നു. ആചാര്യനായും ഗുരുവായൂരപ്പൻ കുറച്ച് അവസരങ്ങൾ നൽകി. എല്ലാം ഗുരുകൃപ എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ONLINE Zoom app ലൂടെ അമ്പതോളം ഉപാസകരോടു കൂടി സപ്താഹം, നവാഹം, മാസാഹം എന്നിവ നേതൃത്വം വഹിച്ച് നടത്തി തരുന്ന ഗുരുവായൂരപ്പൻ്റെ പാദങ്ങളിൽ വീണു നമസ്കരിക്കുന്നു.
ഹരേ മുകുന്ദ!