ആദ്ധ്യാത്മിക സാധകനും നവ സമൂഹമാദ്ധ്യമങ്ങളും.


Gopa Kumar 0 Comments

ഒരു ആദ്ധ്യാത്മിക സാധകൻ്റെ ലക്ഷ്യം, ഋഷീശ്വരന്മാ൪ സൂചിപ്പിക്കുന്ന ആ പരമമായ ബോധത്തെ അറിയുക മാത്രമല്ല അതിനെ സർവ്വോപരി അനുഭവിക്കാനുമാണെന്നിരിക്കെ, നവസമൂഹ മാദ്ധ്യമങ്ങൾ, തന്നിൽ ഉളവാക്കുന്ന ചലനങ്ങളോടുള്ള സാധകൻ്റെ സമീപനം എങ്ങനെയായിരിക്കണം?

നവസമൂഹമാദ്ധ്യമങ്ങളായ WhatsApp, Twitter, YouTube, Zoom, Google Meet, e-mail, Tiktok മുതലായ ആപ്ലിക്കേഷനുകൾ ആധുനിക ജനതതിയെ പ്രായഭേദമന്യേ വളരെയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന വാർത്തകളാണ് നമ്മൾ ഇന്ന് കേൾക്കുന്നത്.

അന്തിമമായ വൈരാഗ്യത്തിലെത്തിയ, അല്ലെങ്കിൽ അതിനടുത്ത് വരെ എത്തിയ ഒരു ഉത്തമ സാധകന്, ചിലപ്പോൾ ഇവയെ ഒഴിവാക്കാൻ സാധിച്ചേക്കാം…. പക്ഷേ ആദ്ധ്യാത്മിക പാതയിൽ അല്പമാത്രം പുരോഗതി കൈവരിച്ചിട്ടുള്ള ഭൂരിപക്ഷം സാധക൪ക്കും ഇവയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാകില്ല.

അപ്പോൾ മേൽ സൂചിപ്പിച്ച പ്രശ്നം ഗൌരവമായ പ്രാധാന്യം അർഹിക്കുന്നു.

ഇവിടെ ആദ്ധ്യാത്മിക സാധകൻ്റെ മുമ്പാകെ ചില പോംവഴികൾ തെളിഞ്ഞ് വരുന്നു.

1. പ്രസ്തുത മാദ്ധ്യമങ്ങളെ ബോധപൂർവ്വം ബലമായി നിരോധിക്കുക.

ആധുനിക കാലത്ത് അതെത്ര മാത്രം സാദ്ധ്യമാകും? കാലമാകുന്ന നദിയുടെ കുത്തൊഴുക്കിൽ അകപ്പെടാതെ കര കയറുവാൻ, ചുരുക്കം ചില സുകൃതികൾക്ക് ഭഗവദ് അനുഗ്രഹത്താൽ സാദ്ധ്യമാണെന്നിരിക്കിലും, പ്രസ്തുത പ്രക്രിയ വളരെയധികം ദുഷ്കരവും, സാഹസികവും, അത്യന്തം കഠിനവുമാണെന്ന് ശ്രുതികൾ പറയുന്നു.


കഠോപനിഷത് പറയുന്നതു പോലെ….

ക്ഷുരസ്സ്യധാരാ
ദുരത്യയയാ ദു൪ഗ്ഗം തത് പഥഃ
ഇതി കവയാ വദന്തി

അതു ഒരു വാൾ തലയിലൂടെ നടക്കുന്നതു പോലെ, ഈ പാഥേയം അതി കഠിനവും വേദനാജനകവുമാണ്..
അതുകൊണ്ടു ആ സുകൃതികളെ നമുക്ക് മാതൃകയാക്കാം. പക്ഷേ നമുക്കു മുമ്പിലുള്ള മറ്റൊരു വഴി…

2 . ഇവയെല്ലാം പൂർണ്ണമായി ത്യജിക്കാതിരിക്കയും, എന്നാൽ അങ്ങനെ ഭാവിച്ചുകൊണ്ടു മേൽ സൂചിപ്പിച്ച നവ സമൂഹമാദ്ധ്യമങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന “സുനാമികൾ” കണ്ടില്ല കേട്ടില്ല എന്നു ഭാവിച്ചു ഒന്നും പ്രതികരിക്കാതെ, ശാസ്ത്ര ഗ്രന്ഥങ്ങളിൽ മാത്രം അഭിരമിച്ച്, ഞാനൊന്നും അറിയുന്നില്ലേ രാമ നാരായണ എന്ന ഭാവത്തിൽ കഴിയുക. കാലസ്വരൂപനായ ഭഗവാൻ ഇങ്ങനെയുള്ളവരെ അർഹിക്കുന്ന ഗൌരവത്തോടെ പുറംതള്ളുക തന്നെ ചെയ്യും…. എന്തുകൊണ്ടെന്നാൽ ഭഗവാൻ (ഗീതാകാര൯) പറയുന്നതു ശ്രദ്ധിക്കൂ…

ഇങ്ങനെയുള്ളവ൪ മിഥ്യാചാരന്മാരും കള്ളന്മാരുമാണ്. മാത്രമോ… സംസാരമാകുന്ന, കാലമാകുന്ന നദിയുടെ കുത്തൊഴുക്കിൽ പെട്ട് സ്വയം നശിച്ചു പോകുന്നു.

ഇനിയുള്ള ഒരു വഴി….

പ്രസ്തുത നവമാദ്ധ്യമങ്ങളെ നല്ല വിവേക ബുദ്ധിയോടെ സമീപിക്കുക… അവയിലൂടെ നമുക്ക് എത്തിപ്പെട്ട ആശയങ്ങളും അഭിപ്രായങ്ങളും നല്ല പോലെ അപഗ്രഥിച്ച് തനിക്കു തന്നെയും, താനുൾപ്പെടുന്ന സമൂഹത്തിനും, സ൪വ്വോപരി രാഷ്ട്രത്തിന് ഹിതമായതും, സമസ്ത ജന്തുക്കൾക്ക് ക്ഷേമമായതുമായ ആശയങ്ങളും, മാർഗ്ഗങ്ങളും ഈ മാദ്ധ്യമങ്ങൾ വഴി പങ്ക് വെക്കുക. മനുഷ്യരുൾപ്പെടെയുള്ള സകല ലോക ജന്തുക്കളും അഭിമുഖീകരിക്കുന്ന നാനാ വിപത്തു കളേക്കുറിച്ച് ബോദ്ധ്യമാകാനും, സഹജീവികളെ ബോദ്ധ്യപ്പെടുത്താനും ശ്രമിക്കുക. ഇതാണ് ഇന്ന് ഭൂരിപക്ഷം സാധക൪ക്കും സ്വീകരിക്കാവുന്ന “മാധവസേവ”

– ശ്രീ. ഗോപകുമാർ, കുമാരനല്ലൂർ

Comments are closed.