Brahmashree Pulleri Prakash Krishnan Namboothiri


admin 0 Comments

 

ശ്രീമദ് ഭാഗവത സൽസംഗ സമിതി, ഭാഗവത കുടുംബം, ഭാഗവത ബാല കുടുംബം.

മനുഷ്യരെ നിത്യ സുഖത്തിലേക്ക് നയിക്കുന്നത് എന്നും ആദ്ധ്യാത്മികം ആണ്. ആ ഒരു അനുഭൂതി കരഗതമായിക്കഴിഞ്ഞാൽ അവന് ഈ സംസാര ദുഃഖം ഉണ്ടാവില്ല എന്ന് ആചാര്യമതവും അനുഭവസ്ഥമതവും. എന്നാൽ ഈ നിത്യ സുഖം കരഗതം ആകണമെങ്കിൽ വളരെയധികം കഠിനമാണ്, കൈവശം ആയിക്കഴിഞ്ഞാൽ വിട്ടുപോകാനും അങ്ങനെ തന്നെ. ജ്ഞാന വൈരാഗ്യങ്ങൾ സ്വായത്തമാക്കുന്നതിലൂടെ എത്തിപ്പെടാൻ സാധിക്കുന്ന ഒന്നാണ് ആദ്ധ്യാത്മികം. അതിന് ഏറ്റവും ഉത്തമ മാർഗ്ഗം ഭക്തി ആണ്. ഭഗവാൻ്റെ തന്നെ ഭാഷ കടമെടുത്താൽ നാലുതരം ഭക്തികളിൽ ഉത്തമ ഭക്തർ ആകാൻ സാധിച്ചില്ലെങ്കിലും കപട ഭക്തർ ആകാതെ ഇരിക്കണം. അങ്ങിനെ ആകണമെങ്കിൽ അതിന് പരമപ്രധാനമായ ഒന്നാണ് സൽസംഗം. സത്തുക്കളുമായുള്ള ഒത്തുചേരൽ അതായത് നല്ല മനസ്സിന് ഉടമകളായ, തനിക്കുള്ള അറിവ് മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുത്താൻ ഇറങ്ങിത്തിരിക്കുന്നവർ, അത് ഭക്തിയിലൂടെ പകർന്നു നൽകുന്നവർ അങ്ങനെ ഉള്ളവരുമായുള്ള സംഗം, അതാണ് ഈ ഭാഗവത കുടുംബം. ഇവിടെ ചെറിയവനോ വലിയവനോ, ഉള്ളവനോ ഇല്ലാത്തവനോ, പണ്ഡിതനോ പാമരനോ അങ്ങനെ ഒന്നും ഉള്ള വേർതിരിവ് കാണുന്നില്ല എല്ലാവരും തുല്യർ. അതാണ് യഥാർത്ഥ സൽസംഗം. മനുഷ്യരിലും മൃഗങ്ങളിലും പക്ഷിയിലും വൃക്ഷങ്ങളിലും എന്നുവേണ്ട സകലതിലും ഈശ്വരനെ കാണാൻ സാധിക്കുന്നവർ ആക്കി തീർക്കുക എന്ന ഉദ്ദേശമാണ് ഓരോ സൽസംഗത്തിൻ്റെയും ലക്ഷ്യം. നമ്മുടെ ഈ സത്സംഗ കുടുംബത്തിൽ ഞാനത് കാണുന്നു. കഴിവുള്ളവർ പഠിപ്പിക്കുക മറ്റുള്ളവർ അവരെ ശ്രവിച്ച് ഇരിക്കുക, എന്ന തലത്തിൽ നിന്നും മാറ്റി, എല്ലാവരെയും കൊണ്ട് പറയിപ്പിക്കുകയും പാരായണം ചെയ്യിപ്പിക്കുകയും ചെയ്യുക. ആദ്യം പറഞ്ഞ കഴിവുള്ളവർ ആചാര്യർ എന്ന സ്ഥാനത്തിരുന്ന് മറ്റ് അംഗങ്ങൾ പറയുന്നത് ശ്രദ്ധിച്ച് അവരുടെ തെറ്റുകൾ തിരുത്തി കൊടുക്കുമ്പോൾ ആണ് ഈ പറയുന്ന സൽസംഗം യഥാർത്ഥ സൽസംഗം ആകുന്നുള്ളൂ. അങ്ങനെയുള്ള സൽസംഗ സമിതിയാണ് നമ്മുടെ ഭാഗവത കുടുംബം. അതിന് നേതൃത്വം വഹിച്ച് ഇങ്ങനെയുള്ള ഒരു കൂട്ടായ്മ ഒരുക്കി എടുക്കുന്നതിന് ഒരു ആചാര്യൻ ആവശ്യമാണ്. അങ്ങനെയുള്ള ആചാര്യനായി നമുക്ക് കിട്ടിയതാണ് സാക്ഷാത് ഭാഗവതഹംസം ബ്രഹ്മശ്രീ മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ശിഷ്യൻ ബ്രഹ്മശ്രീ ഇളയിടം ശങ്കരനാരായണൻ നമ്പൂതിരി, നമ്മുടെ മനു. ഇങ്ങനെയുള്ള പുത്രന് ജന്മം നൽകാൻ കഴിഞ്ഞാൽ ബ്രഹ്മശ്രീ ഇളയിടം നീലകണ്ഠൻ നമ്പൂതിരി എത്രയോ പുണ്യവാൻ.

നമ്മളെ മാത്രമല്ല വരും തലമുറയെ കൂടി ഇത്തരത്തിൽ വാർത്തെടുക്കുന്നതിന് ഭാഗവത ബാല കുടുംബം എന്നപേരിൽ ശ്രീമാൻ മധുവിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച് പ്രവർത്തിക്കുന്നു. ഭാഗവത ഭാഷ്യത്തിൽ ഏറ്റവും ഉത്തമ ഭക്തരുടെ കൂട്ടത്തിൽ പ്രഥമഗണനീയനായ പ്രഹ്ലാദൻ്റെ ഭാഷയിൽ ഭജനം ശൈശവത്തിലെ തുടങ്ങണം എന്നാണല്ലോ? ആ ഉപദേശം സ്വീകരിച്ച് കുട്ടികളായിരിക്കുമ്പോൾ തന്നെ അവരിൽ, സനാതന ധർമ്മം എന്ന വൻ വൃക്ഷത്തൈ നട്ട്, ഉപദേശം ആകുന്ന വളമിട്ടു വളർത്തിയെ ടുക്കുന്നു നമ്മുടെ ബാല കുടുംബം. ഈ ഉത്തമ മാർഗ്ഗത്തിലൂടെ വളർന്നുവരുന്ന അവർ ഒരിക്കലും വഴിപിഴച്ച് പോകാതെ ഈ രാജ്യത്തിൻ്റെ തന്നെ മുത്തുകൾ ആയി തീരും എന്നതിൽ സംശയമില്ല.

അങ്ങിനെ മുതിർന്നവർക്കും കുട്ടികൾക്കും ഉത്തമ മാർഗ്ഗങ്ങളെ കാണിച്ച് കൊടുത്ത് ഈശ്വരിങ്കലേക്ക് നയിക്കുന്ന ഭാഗവത കുടുംബത്തിനും ഭാഗവത ബാല കുടുംബത്തിനും നേതൃത്വം വഹിക്കുന്ന ഈ സത്സംഗ സമിതിയിലെ ഒരംഗമാകാൻ സാധിച്ചതിൽ ഞാൻ ഏറ്റവും അഭിമാനം കൊള്ളുന്നു.

സത്സംഗ സമിതിക്ക് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട്,

– പുല്ലേരി വാദ്ധ്യാൻ പ്രകാശ് കൃഷ്ണൻ നമ്പൂതിരി, തൃക്കാരിയൂർ.
ഫോൺ – 9400018115