Shri. Unnikrishnan, Shivanandashramam


admin 0 Comments

 

ഓം നമോ ഭഗവതേ വാസുദേവായ

ഹരിഃ ഓം…

ഒരുമുറവായന എന്ന രീതിയില്‍ തുടങ്ങിയ ഭാഗവത ഉപാസന ഭാഗവത കുടുംബമായ് പടർന്ന് പന്തലിച്ച് കാണുന്നതില്‍ വളരെയധികം സന്തോഷിക്കുന്നു.

കലികാലത്ത് ധര്‍മ്മം ഭാഗവതത്തെ ആശ്രയിച്ചിരിക്കുന്നു… ആ ഭാഗവത രസം നിറഞ്ഞു കവിയുന്ന യജ്ഞശാലകള്‍ കോവിഡ് -19 കാരണം താത്കാലികമായ് നിര്‍ത്തപ്പെട്ടുവെങ്കിലും ഭാഗവതസപ്താഹമായും നവാഹമായും വൈശാഖോത്സവമായും ഓരോ കുടുംബവും യജ്ഞശാലകളായ് ഭാഗവതോപാസന തുടരുന്ന കാഴ്ചയാണ് നാം കാണുന്നതും അനുഭവിക്കുന്നതും…അതില്‍ ഭാഗവത കുടുംബത്തിന്‍റെ പങ്ക് നിസ്സീമമാണെന്ന് പറയാതെ വയ്യ.

നവമാദ്ധ്യമ കൂട്ടായ്മയായതിനാല്‍ എല്ലാഅംഗങ്ങള്‍ക്കും പ്രത്യേകിച്ച് അമ്മമാര്‍ക്ക് അവരുടെ ജോലിക്ക് തടസ്സമില്ലാതെ ഭാഗവതോപാസനക്കൊപ്പം നാമസങ്കീര്‍ത്തനത്തിനും നാരായണീയപാരായണം തുടങ്ങിയവയ്ക്കും അവസരം ലഭിക്കുന്നുവെന്നത് നിരന്തര മനനത്തിന് സഹായകമാണ്.

കുട്ടികളുടെ കൂട്ടായ്മയായ ഭാഗവതകുടുംബത്തിന്‍റെ അനുബന്ധമായ ഭാഗവത ബാല കുടുംബം വളര്‍ന്ന് വരുന്ന കുട്ടികള്‍ക്ക് ഒരു വഴികാട്ടിയാണ്. അവരവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുക എന്നതിലുപരി അദ്ധ്യാത്മിക അറിവുകള്‍ മനസ്സിലാക്കുവാനും സത്യധര്‍മ്മാദികളെ പിന്തുടര്‍ന്ന് സനാതനവും ആസ്തികവുമായ ജീവിതത്തിന് അടിത്തറയിടുവാനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നു.

ഈ കുടുംബത്തിന്‍റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന മനു ഇളയിടം, മധു വര്‍മ്മ തുടങ്ങി എല്ലാവര്‍ക്കും പ്രണാമങ്ങളര്‍പ്പിക്കുന്നു..

വസുധൈവ കുടുംബകം

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

– ശ്രീ. ഉണ്ണികൃഷ്ണൻ, ശിവാനന്ദാശ്രമം, പാലക്കാട്