സത്യം പരം ധീമഹി


Shylesh Namboothiri 2 Comments

“സത്യം പരം ധീമഹി”

പരമമായ സത്യത്തെ ഞങ്ങൾ ധ്യാനിയ്ക്കുന്നു. ആദിമദ്ധ്യാന്ത രഹിതനും, സത്യജ്ഞാനാനന്ദ സ്വരൂപനും, വേദങ്ങൾക്കു പോലും അപ്രാപ്യസ്ഥനുമായിരിയ്ക്കുന്ന ആ നിഷ്കളബ്രഹ്മത്തെ ഉപാസിയ്ക്കുന്നതിനു വേണ്ടി, ഭഗവാൻ്റെ മുഖ കമലത്തിൽ നിന്നു ചതുശ്ശ്ളോകീരൂപേണ നിർഗ്ഗളിച്ചു ഭഗവതവതാരമായ സാക്ഷാത് ശ്രീ വേദവ്യാസമഹർഷിയാൽ അതിനെ ഒരു ജ്ഞാനസാഗരമാക്കി സജ്ജന പരിപാലനാർത്ഥം ലോകത്തിനു മുൻപിൽ വെളിവാക്കപ്പെട്ട മഹദ്ഗ്രന്ഥമത്രേ ശ്രീമദ് ഭാഗവതം. ഭാഗവത സ്മരണ കൊണ്ടു തന്നെ അനേക കോടി ജന്മ കൃതമായിട്ടുള്ള സകലപാപങ്ങളും നശിച്ച് മനസ്സിനെ നിർമ്മലമാക്കുന്നു എന്നാണ് അഭിജ്ഞമതം. അപ്പോൾ യഥാവിധി ശ്രവണമനനനിദിധ്യാസനങ്ങളോടെയുള്ള ഭാഗവതോപാസനയുടെ മാഹാത്മ്യം ആർക്കാണ് പറയുവാൻ സാധിയ്ക്കുക.

ഉപരിപ്ലവമായി മാത്രം ഭാഗവതത്തെ കാണാതെ അതിൻ്റെ യഥാർത്ഥ ആഴങ്ങളിലേയ്ക്കിറങ്ങിച്ചെന്ന് മുത്തും പവിഴവും വാരിയെടുത്ത് ജ്ഞാന സിന്ധുവിൽ ആറാടി സായൂജ്യം നേടാൻ നമുക്ക് കഴിയട്ടെ. കഥാകഥനമാകുന്ന പൊതി അഴിച്ചുമാറ്റി യഥാർത്ഥ ജ്ഞാനമാകുന്ന മാധുര്യത്തെ നുകരാൻ നമുക്ക് സാധിയ്ക്കട്ടെ. എങ്കിൽ മാത്രമെ ഭാഗവതം ഉദ്ഘോഷിയ്ക്കുന്ന പരമമായ സത്യത്തെ കണ്ടെത്താനും ലക്ഷ്യപ്രാപ്തിയിലെത്താനും നമുക്ക് കഴിയുകയുള്ളൂ.

ഭാഗവത കുതുകികൾക്കായി ഇളയിടം മനു കുറച്ചു നാളുകൾക്കു മുൻപ് ഭാഗവത കുടുംബം എന്നൊരു ഗ്രൂപ്പ് തുടങ്ങുകയും ഭാഗവത പാരായണവും കഥാകഥനവും മറ്റു ഭക്തി വർദ്ധകങ്ങളായ കീർത്തനോപാധികളുമായി സദാ സജീവവുമാണ് ഈ ഗ്രൂപ്പ്. ലോകമെമ്പാടുമുള്ള ഭക്തന്മാർ ഇതിൽ അംഗങ്ങളാണ്.

ഇപ്പോൾ ഇവയെല്ലാം കോർത്തിണക്കാനായി ഒരു വെബ്സൈറ്റ് തുടങ്ങുന്നു എന്ന് അറിഞ്ഞു. വളരെ നല്ല ഒരു ആശയമാണ്. ഭാഗവത ക്ലാസ്സുകളും പ്രഭാഷണങ്ങളും സ്ഥിരമായി ഇതിലൂടെ ലഭിയ്ക്കുകയും ആവശ്യക്കാർക്ക് എപ്പോൾ വേണമെങ്കിലും കേൾക്കാനുള്ള സൗകര്യം ഇതുമൂലം ഉണ്ടാകുകയും ചെയ്യും. എല്ലാ ഭക്തന്മാർക്കും തീർച്ചയായും ഉപകാരപ്രദമാകുന്നൊരു കാര്യവുമാണിത്. ഈ മഹത്സംരംഭത്തിന് എല്ലാ വിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിയ്ക്കുന്നു.

– ബ്രഹ്മശ്രീ. കല്ലമ്പള്ളി ശൈലേഷ് നമ്പൂതിരി

Comments are closed.