ശ്രീമദ് ഭാഗവതം


Indira Antharjanam 0 Comments

ആനന്ദസ്വരൂപനായ ഭഗവാൻ്റെ തന്നെ സ്വരൂപമായ ശ്രീമദ് ഭാഗവതം ദശമസ്കന്ധം 70 -)o അദ്ധ്യായത്തിൽ വ്യാസ ഭഗവാൻ ശ്രീകൃഷ്ണൻ്റെ ദിനചര്യ വർണ്ണിക്കുന്നു. ശ്രീകൃഷ്ണ ഭഗവവാൻ ബ്രാഹ്മമുഹൂർത്തത്തിൽ, അതായത് നാലാം യാമത്തിൽ എഴുന്നേറ്റ് തന്നിൽ തന്നെ വിളങ്ങുന്ന ബ്രഹ്മതത്ത്വത്തെ ധ്യാനിക്കുന്നതായി പറയുന്നു.


ഏകം സ്വയം ജ്യോതിരനന്യമവ്യയം
സ്വസംസ്‌ഥയാ നിത്യനിരസ്ത കല്മഷം
ബ്രഹ്‌മാഖ്യമസ്യോദ്ഭവനാശഹേതുഭിഃ
സ്വശക്തിഭിർ ലക്ഷിത ഭാവനിർവൃതിം

ഏകം – അഖണ്ഡമായി ഉള്ളതായി.
സ്വയംജ്യോതിഃ – സ്വയം പ്രാകാശമായി.
അനന്യം – മറ്റുപാധികൾ ഇല്ലാത്തതായി.
അവ്യയം – അഴിവില്ലാത്തതായി.
സ്വസംസ്‌ഥയാ – തൻ്റെ സംസ്‌ഥിതി (പ്രകാശോദയം) കൊണ്ട്.
നിത്യനിരസ്തകല്മഷം – സദാ കാലവും മായയെ തടഞ്ഞു നിൽക്കുന്നതായി.
അസ്യോദ്ഭവനാശഹേതുഭിഃ – ഈ പ്രപഞ്ചത്തിൻ്റെ സൃഷ്ടിക്കും (പാലനത്തിനും) നാശത്തിനും കാരണങ്ങളായ.
സ്വശക്തിഭിഃ – രാജസം, സാത്വികം, താമസം എന്നീ സ്വശക്തികൾ കൊണ്ട്.
ലക്ഷിത ഭാവനിർവൃതിം – അനുമാനത്തിൽ അറിയപ്പെട്ട സത്തയോട് കൂടിയതായി ആനന്ദാത്മകമായി.
ബ്രഹ്‌മാഖ്യം – ബ്രഹ്മമെന്ന പേരിനാൽ അറിയപ്പെടുന്നതുമായ ആത്മസ്വരൂപത്തെ ധ്യാനിച്ചു.

ഇതിനെ ഒന്നു വിചിന്തനം ചെയ്‌താൽ ഏകം എന്നാൽ മറ്റൊന്നില്ലാത്തത്. ഇവിടെ ഒരു വസ്തുവേ ഉള്ളൂ. മറ്റു ഗണിത സമ്പ്രദായങ്ങളിലാണ് ഒന്ന്, രണ്ട്, മൂന്ന് ഒക്കെ വരുന്നത്, ഇവിടെ രണ്ടില്ല. അതിനാൽ അദ്വയം, അദ്വിതീയം.

സ്വയം ജ്യോതി എന്നാൽ സ്വയം പ്രകാശിക്കുന്നത്. ഭാഗവതം തുടങ്ങുമ്പോൾ തന്നെ പറയും ‘സ്വരാട്’. ഇതു സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. ഇതുള്ളതുകൊണ്ടാണ് മറ്റെല്ലാം നമ്മൾ കാണുന്നത്. സൂര്യൻ, ചന്ദ്രൻ, അഗ്നി എല്ലാം പ്രകാശിക്കുന്നത് ഈ തേജഃ പുഞ്ചം ഉള്ളിൽ കടന്നു നിൽക്കുന്നതുകൊണ്ടാണ്.


“യദാദിത്യഗതം തേജോ
ജഗത്ഭാസായതെ /അഖിലം
യച്ചന്ദ്രമസി യച്ചാഗ്നൗ
തത്തേജോ വിദ്ധി മാമകം”

(ഭ. ഗീ. അ. 15, പു, യോ. ശ്ലോ. 12 )

ഭാഗവതം അഷ്ടമസ്കന്ധത്തിൽ സ്വായംഭുവ മനുവിൻ്റെ സ്തുതിയിൽ.


“യേന ചേതയതേ വിശ്വം
വിശ്വം ചേതയതേ നയം
യോ ജാഗർത്തി ശയാനേ/സ്മിൻ
നായം തം വേദ വേദ സഃ”

ഈ പ്രപഞ്ചത്തെ ചൈതന്യവത്താക്കിത്തീർക്കുന്നതായ ആ ആത്മസ്വരൂപത്തെ പ്രപഞ്ചത്തിനു തന്നെ അറിയുന്നില്ല. സർവ്വ അറിവിനും സർവ്വ പ്രകാശത്തിനും ആധാരമായതാണ് ആ സ്വയം ജ്യോതിസ്സ്.
“തസ്യ ഭാസാ സർവ്വമിദം വിഭാതി” എന്ന് ഉപനിഷത്തിലും പറയുന്നു.

അനന്യമെന്നാൽ തന്നിൽ നിന്നന്യമായി മറ്റൊന്നില്ലാത്തത്. രണ്ടാമതൊന്നില്ലന്ന് ഒന്ന് കൂടി ഉറപ്പിക്കുന്നു. ഈ പ്രപഞ്ചത്തിൽ കാണുന്നതെല്ലാം ആ ഒന്നിൻ്റെ വിവിധ രൂപങ്ങളാണ്. അതുകൊണ്ടാണ് വ്യാസ മഹർഷി “പുത്രാ” എന്ന് ഉറക്കെ വിളിച്ചപ്പോൾ സകല “ചരാചര” ങ്ങളും ആ വിളികേട്ടു പ്രതിവചിച്ചത്.

അന്യമായി ഇവിടെ യാതൊന്നും ഇല്ലന്നു ശ്രീശുകൻ അറിഞ്ഞു. ജ്ഞാനചക്ഷുസ്സുള്ളവരെല്ലാം അതറിയുന്നു.

“പശ്യന്തി ജ്ഞാനചക്ഷുഷഃ”

അവ്യയം – ഈ സത്യവസ്തുവിനു നാശം ഇല്ല. ഇതു പുതിയതായി ഉണ്ടായതല്ല. എപ്പോഴും ഇവിടെ ഉള്ളത് തന്നെയാണ്. “അഹമേ സമോവാഗ്രേ” (ചതുശ്ലോകി ഭാഗവതം). പ്രപഞ്ചം ഉണ്ടാകുന്നതിനു മുൻപും അതു നിലനിൽക്കുമ്പോഴും നശിച്ചതിനു ശേഷവും ഉള്ളത് ആ ഒറ്റ വസ്തുവാണ്. ഒരു കുറവും ഇല്ലാതെ ഇത് എപ്പോഴും സമ്പൂർണ്ണനായിരിക്കുന്നു. ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചു നിലനിർത്തിയിട്ടും ആ വസ്തുവിന് ഒരു കോട്ടവും ഇല്ല. അത് പരിപൂർണ്ണനായിരിക്കുന്നു.


“പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ”.

സ്വസംസ്‌ഥയാ നിത്യനിരസ്ത കല്മഷം – കല്മഷം എന്നാൽ മായ. മായ എന്നാൽ ഇരുട്ട്. വെളിച്ചം വന്നാൽ ഇരുട്ടിനു സ്‌ഥാനം ഇല്ലല്ലോ. ഇരുട്ടു സൂര്യനെ സന്ദർശിച്ചു പോകാം എന്നുവെച്ചു കാത്തു നിന്നാലോ, ഇരുട്ടിനെ ഒന്ന് സന്ദർശിക്കാം എന്നു സൂര്യൻ വിചാരിച്ചാലോ നടക്കുമോ? ജ്ഞാനമാകുന്ന സവിതൃ പ്രകാശം പരന്നാൽ അജ്ഞാനാന്ധകാരം ഒട്ടും പിന്നെ നിലനിൽക്കില്ല. തൻ്റെ ഇരുപ്പുകൊണ്ടുതന്നെ അജ്ഞാനമാകുന്ന അന്ധകാരത്തെ സദാ പുറംതള്ളിക്കൊണ്ടിരിക്കയാണ്. ഈ ‘സത്യവസ്തു’ തന്നിൽ നിന്നന്യമായി ഒന്നുണ്ടെന്നു തോന്നുന്നതാണു മായ.

സ്വസംസ്‌ഥിതിയിൽ വികല്പത്തിനു പ്രവേശനമേ ഇല്ല അഥവാ മായ അവിടെ വന്നാൽ തന്നെ ഉടൻ ലജ്ജിച്ചു തിരിച്ചു പൊയ്‌ക്കൊള്ളും.

സ്വശക്തിഭിഃ – എന്നതുകൊണ്ടുദ്ദേശിക്കുന്നത് സത്വരജസ്തമോഗുണങ്ങൾ ആകുന്ന ശക്തികളെക്കൊണ്ട് സൃഷ്ടി സ്‌ഥിതി സംഹാരങ്ങൾ ചെയ്യുന്നു എന്നാണ്. രജോഗുണം കൊണ്ടു സൃഷ്ടിയും സത്വഗുണം കൊണ്ടു പാലനവും തമോഗുണം കൊണ്ടു സംഹാരവും നിർവ്വഹിക്കുന്നു.

ലക്ഷിത ഭാവനിർവൃതിം – ഈ ദൃഷ്ട പ്രപഞ്ചം എന്ന കാര്യത്തിന് കാരണമായി, അതിനാധാരമായി എന്തോ ഒന്നുണ്ടെങ്കിൽ അത് ഈ ആത്മസ്വരൂപം തന്നെയാണ് എന്ന് ഊഹിച്ചറിയണം. ജാഗ്രസ്വപ്നസുഷുപ്തിയിലും സകലതിനും സാക്ഷിയായി ഉണർന്നിരിക്കുന്ന ഈ സാക്ഷാൽക്കാരവസ്തുവിനെ അറിയാനാണ് സുഷുപ്തിയിൽ നിന്നും ജാഗ്രത്തിലേക്ക് ഉണരുന്ന സമയത്ത് ധ്യാനിക്കണം എന്ന് പറയുന്നത്. ഭഗവാൻ ധ്യാനിക്കുന്നതും ആ ആത്മസ്വരൂപത്തെയാണ്. ‘ബ്രഹ്‌മാഖ്യം’ എന്ന് ഇവിടെ പറഞ്ഞതും ഇതു തന്നെയാണ്. മറ്റു ഭൗതീക കാര്യങ്ങളിൽ ഗൃഹകൃത്യങ്ങളിൽ മനസ്സു വ്യാപരിക്കും മുൻപ് ധ്യാനിച്ചാലേ ഈ ആത്മസ്വരൂപം തെളിയൂ ( അന്യഥാരൂപം ഇല്ലാതാക്കലാണല്ലോ ലക്ഷ്യം ). ഈ തെളിച്ചത്തോടെ മറ്റുകൃത്യങ്ങൾ ആരംഭിച്ചാൽ എല്ലാം വേണ്ടപോലെയാകും. ഇതുതന്നെയാണു സ്വരൂപ ലക്ഷണം. ഇതാണു ഭഗവാൻ ഇവിടെ കാണിച്ചു തരുന്നത്. ഇതുതന്നെയാണു നമ്മളും ചെയ്യേണ്ടത്.


– ശ്രീമതി. ഇന്ദിര അന്തർജ്ജനം
കറുത്തേടത്ത് മന, കുടമാളൂർ പി.ഒ, കോട്ടയം-16

Comments are closed.