ശ്രീമദ് ഭാഗവതോപാസന


Unnikrishnan Palakkad 0 Comments

ഓം നമോ ഭഗവതേ വാസുദേവായ

ഹരിഃഓം….

സുഖദുഃഖങ്ങളും രാഗദ്വേഷങ്ങളും ഭാഗ്യനിര്‍ഭാഗ്യങ്ങളും മാനാപമാനങ്ങളും രാപ്പകലെന്നപോലെ മാറി മാറി വരുന്നത് കാണാം എല്ലാവര്‍ക്കും…… എപ്പോഴാണ് ഇതിനൊരവസാനം എന്ന് ചിന്തിച്ചിട്ടുണ്ടോ….?

ഭാഗവതത്തെ ആശ്രയിക്കുന്നതുവരെ എന്നാണുത്തരം…. പത്മപുരാണം ഭാഗവതമാഹാത്മ്യത്തിലൂടെ അത് വ്യക്തമാക്കുന്നു.


ദുഃഖദാരിദ്ര്യദൗര്‍ഭാഗ്യ-
പാപപ്രക്ഷാളനായ ച
കാമക്രോധജയാര്‍ത്ഥം ഹി
കലൗ ധര്‍മ്മോ/യമീരിതഃ

ജന്മാന്തരങ്ങളായ് ചെയ്തു വന്ന പാപത്തിന്‍റെ പരിണിത ഫലമായ് ശരീരത്തിനുണ്ടാവുന്ന വ്യാധി, മനസ്സിന്‍റെ ആധി, ഗൃഹത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന പ്രതികൂല ഭാവങ്ങള്‍, അതിവൃഷ്ടി, അനാവൃഷ്ടി, തുടങ്ങിയ പ്രകൃതി കോപങ്ങള്‍… ഇവയെല്ലാം തന്നെ ദുഃഖമെന്ന ഗണത്തില്‍ പെടുന്നവയാണ്.

ധനത്തിന്‍റെയും അവശ്യ വിഭവങ്ങളുടേയും അഭാവം കൊണ്ടുണ്ടാവുന്ന അവസ്ഥ അഥവാ എന്തുകിട്ടിയാലും തൃപ്തിയാവാത്ത ഭാവം ഇതാണ് ദാരിദ്ര്യം.

ആത്മാര്‍ത്ഥമായ് പരിശ്രമിച്ചിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഫലപ്രാപ്തിയെത്താതെ പോകുന്ന സാഹചര്യങ്ങള്‍ ഭാഗ്യമില്ലായ്മ… ഇത് ദൗര്‍ഭാഗ്യം.

ശരീരം, മനസ്സ്, വാക്ക് എന്നീ ത്രിവിധകരണങ്ങളെ കൊണ്ട് അറിഞ്ഞും അറിയാതെയും ചെയ്തതും ചെയ്യപ്പെടുന്നതുമായ ദോഷങ്ങളാണ് പാപം.

സ്വര്‍ഗ്ഗാദി ലോകങ്ങളില്‍ ചെന്ന് രമിക്കാന്‍ ഭൂത ദയയില്ലാതെ മിണ്ടാ പ്രാണികളെ കൊന്നും അന്യരെ ഉപദ്രവിച്ചും ആഗ്രഹങ്ങളുടേയും മോഹങ്ങളുടേയും ഭാണ്ഡവും പേറി നടക്കുന്നത് കാമം.

കാമത്തിന്‍റെ അനുജനായ് ക്രോധത്തെ കണക്കാക്കാം… സ്വാര്‍ത്ഥതയ്ക്ക് വിപരീതമായിവരുന്ന അനുഭവങ്ങളെ തന്‍റെ തന്നെ കര്‍മ്മ ഫലമാണെന്നറിയാതെ നിമിത്തമായ് മുന്നില്‍ നില്‍ക്കുന്ന വ്യക്തിയേയോ കുടുംബത്തേയോ സമൂഹത്തേയോ ദ്വേഷിക്കുന്നത് ക്രോധം.

ഇങ്ങിനെയുള്ള അവസ്ഥകളെല്ലാം എല്ലാവരും അഭിമുഖീകരിക്കുന്നവയാണ്… ഇതിനെ മറികടക്കാനും ജയിക്കാനുമുള്ള ഒറ്റമൂലിയാണ് ശ്രീമദ് ഭാഗവതം. ഭാഗവതത്തെ കാണുന്നതും കേള്‍ക്കുന്നതും സ്പര്‍ശിക്കുന്നതും സ്മരിക്കുന്നതും പൂജിക്കുന്നതും പാരായണം ചെയ്യുന്നതുമെല്ലാം ഭാഗവതോപാസനയാണ്. ഭാഗവതോപാസന കൊണ്ട് മാത്രം ജീവിത ലക്ഷ്യം നേടിയ ആചാര്യന്മാര്‍ നമുക്കുണ്ട്… മള്ളിയൂര്‍ ഭാഗവതഹംസവും തിരുനാമാചാര്യന്‍ ആഞ്ഞവും സ്വാമി ജ്ഞാനാനന്ദ സരസ്വതിയുമെല്ലാം ഇവരില്‍ ചിലര്‍ മാത്രം.

ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ മരവിച്ചിരിക്കുമ്പോഴും ഭാഗവതോപസകര്‍ക്ക് വിഷമമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. നിത്യം ഭാഗവതപാരായണം ചെയ്യുന്ന ഗൃഹം തീര്‍ത്ഥങ്ങള്‍ക്ക് തുല്യമാണ്. അതുപോലെ ഭഗവാന്‍റെ വാങ്മയരൂപമാണ് ഭാഗവതം. ഭാഗവതം ഉള്ളിടത്ത് ഭഗവാനും ഭഗവാനുള്ളിടത്ത് പത്നിയായ ലക്ഷ്മിയും നിത്യസാനിദ്ധ്യം ചെയ്യുന്നത് കൊണ്ട് ഭക്തര്‍ക്ക് എവിടെ വിഷമം….?

ഭാഗവതകുടുംബത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും അക്ഷീണം മുന്നോട്ട് സഞ്ചരിക്കട്ടെ! തിരശ്ശീലയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്നവര്‍ക്കും ഭഗവാന്‍ സര്‍വ്വമംഗളങ്ങളും നല്‍കട്ടെ! എല്ലാവിധ ആശംസകളും നേരുന്നു.

ഹരിഃ ഓം തത് സത്.

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.

1196 മിഥുനം 1
മംഗള വാസരഃ
15+6=21

– ശ്രീ. ഉണ്ണികൃഷ്ണന്‍ പാലക്കാട്

Comments are closed.