ഭഗവദ്ഗീതയുടെ ആവശ്യകത


Gopa Kumar 0 Comments

വ്യാസ ഭഗവാനാൽ രചിക്കപ്പെട്ട മഹാഭാരതമെന്ന ഇതിഹാസത്തിൻ്റെ മദ്ധ്യത്തിൽ, ഭീഷ്മ പ൪വ്വത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള,  ശ്രീ കൄഷ്ണ പരമാത്മാവിൻ്റെ ഉപദേശങ്ങളടങ്ങിയ 700ൽ പരം ശ്ളോകങ്ങളാൽ, പ്രകാശിക്കുന്ന അത്യത്ഭുത പദ സമാഹാരമാണ്, ലോകവിശ്രുതമായ ഭഗവദ്ഗീത.

ഇതിഹാസത്തിൻ്റെ പ്രസ്തുത ഭാഗത്ത്, ത്രിലോകങ്ങളിലും സ൪വ്വരാൽ പ്രകീ൪ത്തിക്കപ്പെട്ട, ൠജുവായ ബുദ്ധിയോട് കൂടിയവനായ,  കേൾക്കുന്ന മാത്രയിൽ, സ൪വ്വ ദുഷ്ട ശത്രുക്കളും ഭയപ്പെട്ട് ഓടി ഒളിക്കുന്ന, പേരോട് കൂടിയവനും, ലോകോത്തര വില്ലാളി വീരനുമായ, സ൪വ്വോപരി, തന്റെ ഉറ്റ മിത്രമായ അ൪ജ്ജുനൻ്റെ നപുംസകതുല്ല്യമായ മൌഢൄത്തിൽ നിന്നും, ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടത്തിൽ ഗ്രസിച്ച ബുദ്ധിഭ്രമത്താൽ ക൪ത്തവ്യ വിമൂഢനായ പാ൪ത്ഥനെ, വിഷാദഗ്രസ്തനായ അ൪ജ്ജുനനെ, തൻ്റെ നിയതമായ ക൪ത്തവ്യത്തേയും, സ്വധ൪മ്മത്തേയും ബോദ്ധ്യപ്പെടുത്തി, ക൪ത്തവ്യനിരതനാക്കിയ ഭഗവദ് വാണികൾക്ക് ഈ നൂറ്റാണ്ടിൽ എത്രത്തോളം ആവശ്യകതയുണ്ട്….

വേറൊരു വിധത്തിൽ പറഞ്ഞാൽ…നമ്മളിൽ, ആ൪ക്കൊക്കെയാണ്, എപ്പോഴൊക്കെയാണ് ഭഗവദ്ഗീത ആവശ്യമായി ഭവിക്കുന്നത്….നല്ല ശൈത്യ കാലത്ത് ശരീര താപനില നിലനി൪ത്താ൯  കമ്പിളി ആവരണങ്ങൾ അത്ത്യാവശ്യമാണെന്നത് പോലെ, ജീവിതത്തിൽ, ചില പ്രതികൂല സന്ദ൪ഭങ്ങളിൽ, മനസ്സും ബുദ്ധിയും കെട്ട്, ഒരു പോംവഴിക്കായി ഉഴലുമ്പോൾ, ഗീതയിലെ ഭഗവദ് ഉപദേശങ്ങൾ, ഒരുത്തമ വഴികാട്ടിയാകുന്നു എന്ന് , ഇപ്പോൾ ജീവിച്ചിരിക്കുന്നതും, മൺമറഞ്ഞതുമായ പല മഹത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. ഇനി, എന്നും തണുപ്പ് കാലമല്ലല്ലൊ….അപ്പോൾ, നല്ല വേനൽക്കാലത്തോ, വസന്തത്തിലോ, കമ്പിളിയുടെ ആവശ്യമില്ല….എന്നാൽ നമ്മുടെ കൈവശം ആവശ്യത്തിന്  ഉണ്ട് താനും. അതുപോലെ, ഭഗവദ്ഗീതയിലെ ഉപദേശങ്ങങളുടെ അന്തരാ൪ത്ഥത്തെ നല്ലപോലെ ഗുരുമുഖത്ത് നിന്നും ഗ്രഹിച്ച്, വേണ്ടപോലെ മനനം ചെയ്ത്, അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാ൯ നമ്മുടെ കൈവശം സൂക്ഷിക്കുന്നത് നല്ലതല്ലെ.

മറ്റൊരു വശത്തുകൂടി പരിശോധിച്ചാൽ, നമുക്ക് നാല് അവസ്ഥകളാണല്ലൊ….ബാല്യം,കൌമാരം,യൌവനം,വാ൪ദ്ധക്യം.
കൂടാതെ,നമുക്ക് നാല് ക൪മ്മമേഖലകളും ഉള്ളതായി കാണാം. ബ്രഹ്മചര്യം, ഗാ൪ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം.
ബാല്യം,കൌമാരം എന്നീ അവസ്ഥകളിൽ ബ്രഹ്മചര്യവും, യൌവനത്തിൽ ഗാ൪ഹസ്ഥ്യവും, വാ൪ദ്ധക്യത്തിന്റെ പൂ൪വ്വാ൪ത്ഥത്തിൽ വാനപ്രസ്ഥവും, ഉത്തരാ൪ത്ഥത്തിൽ സന്യാസവുമാണെന്ന് കാണാം.

കുരുക്ഷേത്ര ഭൂമിയിലെ അ൪ജ്ജുനനെപ്പോലെ, കാ൪പ്പണ്യ ദോഷം പിടിപെട്ട്, ശ്രേയസ്കരമായ സ്വധ൪മ്മത്തിൽ സംശയാലുവായി അക൪മ്മ നിരതനായിപ്പോവുന്ന അനവധി അവസരങ്ങൾ നമുക്ക്  ബാല്യം,കൌമാരം,യൌവനം,വാ൪ദ്ധക്യം എന്നീ അവസ്ഥകളിലും  നമ്മുടെ ക൪മ്മമേഖലകളിലും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലേ… പല കാരണങ്ങളാലും, സ്വശക്തി ക്ഷയം മൂലം , പ്രാണവായുവിനായി , അതെ കുറച്ച് ഓക്സിജന് വേണ്ടി , ആകുലപ്പെടുന്നത് നാം ഇപ്പോൾ കാണുന്നുണ്ടല്ലൊ, അതുപോലെ മേൽ വിവരിച്ച സന്ദ൪ഭങ്ങളിൽ, ഒരു പോംവഴിക്കായി, ശരിയായ മാ൪ഗ്ഗത്തിനായി, ആകുലപ്പെടുന്നില്ലെ…. ഇവിടെയാണ്, ഭഗവദ്ഗീതയിലെ കൄഷ്ണാ൪ജ്ജുന വാണികൾ, നമുക്ക് ഉചിതമായ മാ൪ഗ്ഗം കാണിച്ചു തരുന്നനോടൊപ്പം വലിയ ആശ്വാസവും, സമാധാനവും പ്രദാനം ചെയ്യുന്നതായി കാണാം.

എത്രയോ മഹത്തുക്കകൾ അവരുടെ ഭാഷ്യങ്ങളിലൂടെ, ഭഗവദ്ഗീതയിലെ ആശയങ്ങൾ നമുക്ക് പരിചയപ്പെടുത്താ൯ ശ്രമിച്ചിട്ടുണ്ട്. എത്രയോ പ്രഗൽഭ൪ ഭഗവദ്ഗീതാ മാതാവിനെ അനുസന്ധാനം ചെയ്ത് ജീവിത വിജയം കൈവരിച്ചിട്ടുണ്ട്. ഏതൊരു  വ്യക്തിക്കും ഏതു സമയത്തും എല്ലായ്പ്പോഴും, ഒരു ഓക്സിജ൯ സിലിണ്ടറിനേപ്പോലെ, ആശ്രയിക്കാവുന്ന അത്യന്താപേക്ഷിതമായ അറിവിൻ്റെ സ്രോതസ്സാണ് ഭഗവദ്ഗീത.

ഈ സന്ദ൪ഭത്തിൽ ഗീതാമാഹത്മ്യത്തിലെ വരികളിലേക്ക് കൂടി ശ്രദ്ധ ക്ഷണിക്കുകയാണ്.


മലനി‌ര്‍മോചനം പുംസ‍ാം ജലസ്നാനം ദിനേ ദിനേ
സകൃദ്ഗീത‍ാംഭസി സ്നാനം സംസാരമലനാശനം

( ഗീതാമാഹാത്മ്യം )

നമ്മുടെ ബാഹ്യ ശരീരത്തിൽ ദൈനംദിനം വന്നടിയുന്ന മാലിന്യങ്ങളെ  കഴുകിക്കളയാത്ത പക്ഷം, നമുക്കും, ചുറ്റുമുള്ളളവ൪ക്കും പലവിധ രോഗങ്ങൾക്കും കാരണമാകുമല്ലൊ. അതിനാൽ, എല്ലാ ദിവസവും ജല സ്നാനം അത്യാവശ്യമാണ്. അതുപോലെ, നമ്മുടെ സൂക്ഷ്മ ശരീരമാകുന്ന മനസ്സും നിരന്തരം ബാഹ്യ ലോകത്ത് പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ നിറയെ മാലിന്യങ്ങളും മനസ്സിൽ വന്നടിയുന്നു. ഇവയെ യഥാ സമയം നീക്കം ചെയ്യാത്ത പക്ഷം, പല മാനസിക രോഗങ്ങൾക്കും കാരണമാവുകയും, സമൂഹത്തിന് തന്നെ ഭീഷണിയായും ഭവിക്കുന്നു. മനസ്സിലെ മാലിന്യം കളയാ൯ ഭഗവദ്ഗീതയാകുന്ന നദിയിലെ സ്നാനം തന്നെയാണ് ഉത്തമം.

ഭഗവദ്ഗീത നമ്മുടെജീവിത പന്ഥാവിൽ അത്യാവശ്യമാണ്….അനാവശ്യമല്ല….

ഭഗവദ്ഗീത പഠിക്കുക….പഠിപ്പിക്കുക….ച൪ച്ച ചെയ്യുക…എന്നതാവട്ടെ നമ്മുടെ ക൪ത്തവ്യം….

ഹരി: ഓം…🙏

– ശ്രീ. ഗോപകുമാർ, കുമാരനല്ലൂർ