R. Rema Devi, Thirumala


admin 0 Comments

 

ഭാഗവത കുടുംബത്തിൻ്റെ ഓൺലൈനിലൂടെയുള്ള ആദ്യത്തെ സപ്‌താഹം, പിന്നീടുള്ള നവാഹം, അത് കഴിഞ്ഞു ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന 30 ദിവസത്തെ വൈശാഖ മാസ ശ്രീമദ് ഭാഗവത ഉപാസന, ഇതെല്ലാം പടിപടിയായി ആദ്ധ്യാത്മിക ഉന്നമനത്തിനായി പടവുകൾ കയറിക്കൊണ്ടിരിക്കുന്ന അനുഭവ ചിത്രമാണ് പകരുന്നത്‌.

ഈ ഭാഗവതോപാസനയുടെ പ്രമുഖ ആചാര്യത്വം വഹിക്കുന്ന ബ്രഹ്മശ്രീ ഇളയിടം ശങ്കര നാരായണൻ നമ്പൂതിരിയേയും സാങ്കേതിക വിദ്യയിലൂടെ എല്ലാവരിലേക്കും സുഗമമായി എത്തിക്കുന്ന ശ്രീ. മധു. ജി. വർമ്മയേയും എത്ര പ്രശംസിച്ചാലും അധികമാവില്ല.

ഭാഗവത കുടുംബത്തിൻ്റെ നെടുംതൂണായ ബ്രഹ്മശ്രീ കേരളൻ നമ്പൂതിരിയുടെ നിഷ്കളങ്കവും നിർഗ്ഗളവും ഭക്തിനിർഭരവും ആയ വാക്ധോരണികൾ ഭക്തഹൃദയങ്ങളിൽ അമൃതവർഷം ചൊരിയുന്നു.

ഭാഗവത കുടുംബാംഗങ്ങൾ എല്ലാവരും അവരുടെ പാരായണത്തിലും കീർത്തനത്തിലും പ്രഭാഷണത്തിലും കൂടുതൽ കൂടുതൽ മേന്മ കൈവരിക്കുന്നതാണ് കാണുന്നത്. ഓരോ ദിവസവും ചിട്ടയോടെ പരിപാടികൾ അവതരിപ്പിക്കുന്നതിനൊപ്പം സ്വതന്ത്രമായി ആർക്കും കീർത്തനം പാടാനുള്ള അവസരം ഇതുപോലെ എവിടെ ലഭ്യമാകും. ഓരോ ദിവസവും പുതുതായി അംഗങ്ങൾ വന്നു ചേരുകയും മധുരിമയുള്ള ഭക്തിഗാനങ്ങൾ പാടുകയും ചെയ്യുന്നു.

ശ്രീ. കുമാരനല്ലൂർ ശരവണൻ്റെ ഭാഗവതഗീതം എന്നും ഭക്തമനസ്സുകളെ ഭക്തിസാന്ദ്രതയിൽ ലയിപ്പിക്കുന്നു എന്നത് ഭാഗവത കുടുംബത്തിൻ്റെ പ്രത്യേകതയാണ്.

ഓരോ യജ്ഞ പരിപാടികളും വളരെ ചിട്ടയോടുകൂടി തയ്യാറാക്കി വിജയത്തിലെത്തിക്കുന്ന ബ്രഹ്മശ്രീ. പുല്ലേരി പ്രകാശ് കൃഷ്ണൻ നമ്പൂതിരിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. കൂടാതെ വൈശാഖ മാസ ഉപാസനയുടെ പിന്നിൽ പ്രവർത്തിച്ച ശ്രീമതി. ലളിതാ അയ്യർക്കും എൻ്റെ പ്രത്യേക അഭിനന്ദനങ്ങൾ.

ഭാഗവത കുടുംബം വളരുന്നതിനിടയിൽ ബാലകുടുംബവും സംജാതമായി. മേയ് 30 ന് ബാലകുടുംബത്തിലെ കുരുന്നുകൾ അവതരിപ്പിച്ച വിഷ്ണു സഹസ്രനാമം, ലളിതാ സഹസ്രനാമം, ഗീതാ ധ്യാന ശ്ലോകങ്ങൾ, ശ്ലോക പാരായണങ്ങൾ, കീർത്തനങ്ങൾ, കഥകൾ, പാട്ടുകൾ എല്ലാം കേട്ട് സത്യത്തിൽ വിസ്മയിച്ചുപോയി.

കുഞ്ഞു കുട്ടികൾ കാണാതെ സഹസ്രനാമമൊക്കെ ചൊല്ലുന്നത് കേട്ടപ്പോൾ അവരെ അതിനു തെളിയിച്ചെടുത്ത മാതാപിതാക്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്നു തോന്നി. കൂടാതെ ബാലകുടുംബത്തിലെ കുഞ്ഞുങ്ങൾ ഭാഗവതോപാസനയുടെ പ്രഭാഷണങ്ങളിലും ഭാഗഭാക്കാകുന്നു, കഥകൾ അവതരിപ്പിക്കുന്നു. മുതിർന്നവർക്കു പോലും ചൊല്ലാൻ പ്രയാസമായ പഞ്ചമസ്കന്ധം അനായാസേന ആര്യദേവും ആര്യശ്രീയും പാരായണം ചെയ്യുന്നതു കേട്ടപ്പോഴുള്ള ആശ്ചര്യവും ആനന്ദവും പറയുവാൻ വാക്കുകളില്ല. തീർച്ചയായും ശ്രീ. മധു കുമാർ കുമാരനല്ലൂർ മേൽനോട്ടം വഹിക്കുന്ന ഈ ബാലകുടുംബത്തിലൂടെ നമ്മുടെ പൊന്നോമനകൾക്ക് ആദ്ധ്യാത്മിക അറിവുകൾ നേടി ഉന്നതിയിൽ എത്തുവാൻ സാധിക്കും. ഇനിയും കൂടുതൽ കുട്ടികൾ ബാലകുടുംബത്തിലേക്ക് എത്തി ചേർന്ന് ഈ അവസരം വിനിയോഗിക്കുവാൻ ഇടവരട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

ഭാഗവത കുടുംബത്തിൻ്റെ ഒരു അംഗം ആകുവാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. ആദ്യത്തെ സപ്താഹത്തിലൂടെ എന്നെ ഇതിലേക്ക് ആനയിച്ച ശ്രീമതി. രമാദേവി രാമകൃഷ്ണനോടുള്ള കൃതജ്ഞത കൂടി രേഖപ്പെടുത്തുന്നു.

ഭാഗവത കുടുംബത്തിൻ്റെ ഉപാസനയെ ഇനിയും സർവ്വോപരി ശ്രേയസ്സിലേക്ക് സർവ്വേശ്വരൻ നയിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

– ശ്രീമതി. ആർ. രമാദേവി, തിരുമല