പ്രവേശനോത്സവം


Manthitta Vishnu Namboothiri 0 Comments

മെയ് മാസം വിട പറയുന്നു..

കാലവർഷവുമായി ജൂൺ മാസം വരവായി..

ജൂൺ മാസത്തിന് മറ്റൊരു പ്രത്യേകതയുമില്ലെ..

അതെ, പുതിയൊരു അദ്ധ്യയന വർഷത്തിൻ്റെ തുടക്കം..

പതിനായിരത്തിലേറെ കുരുന്നു പ്രതിഭകൾ അറിവിൻ്റെ മധുരം തേടി കലാലയങ്ങളിൽ എത്തി ചേരുന്ന മാസം..
പക്ഷെ ഈ മധുരത്തിന് മുമ്പ് കയ്പിൻ്റെ ഒരു രുചിക്കൂട്ടുമില്ലെ..

കുട്ടികളെ ആദ്യമായി കലായത്തിലേയ്ക്ക് അയക്കുന്നത്, രക്ഷിതാക്കൾക്ക് ഒരു വിഷമം പിടിച്ച ജോലി തന്നെയാണല്ലൊ..
പ്രത്യേകിച്ച് ആദ്യ ദിവസങ്ങളിൽ..

മടി കാണിക്കുന്ന കുട്ടികളുടെ വാശിയും കരച്ചിലുമൊക്കെ ഒരനുഭവം തന്നെ..
എന്താണ് ഈ കരച്ചിലിനും വാശിക്കുമൊക്കെ അടിസ്ഥാനം..

പരിചിതമായ അന്തരീക്ഷം വിട്ട് തികച്ചും അപരിചിതമായ സ്ഥലവും അന്തരീക്ഷവുമൊക്കെയായി പൊരുത്തപ്പെടാനുള്ള ഒരു ഭയം, വിഹ്വലത.. അതല്ലെ കരച്ചിലിലേക്കൊക്കെ കൊണ്ടെത്തിക്കുന്നത്..

കുട്ടികൾ നേരിടുന്ന ഈ അപരചിത്വം ഒഴിവാക്കാനായി ഇപ്പോൾ കലാലയങ്ങളിൽ പ്രവേശനോത്സവമൊക്കെ സംഘടിപ്പിച്ചു വരുന്നുണ്ടല്ലൊ..

കുട്ടികൾക്ക് മധുരം നൽകിയും, അവരെ പാട്ട് പാടി രസിപ്പിച്ചും കലാലയ പ്രവേശനം ഹൃദ്യമാക്കി തീർക്കാനുള്ള ഒരു ശ്രമം..
പ്രവേശനത്തിന് ഒരു ഉത്സവാന്തരീക്ഷം നൽകാനുള്ള ശ്രമം തന്നെ..

പക്ഷെ ഈ പ്രവേശനോത്സവ സംരഭം വളരെ പണ്ട് വേദവ്യാസ മഹർഷി നമുക്ക് മുന്നിൽ അവതരിപ്പിച്ച് തന്നിട്ടുണ്ട്..
ശ്രീമദ് ഭാഗവതം എന്ന മഹദ് ഗ്രന്ഥത്തിലൂടെ.. ഭാഗവത സപ്താഹം എന്ന അരങ്ങിലൂടെ..

ഏഴാം ദിവസം തക്ഷകൻ്റെ ദംശനമേറ്റ് മൃത്യു ഭവിക്കുമെന്ന് പരീക്ഷിത് മഹാരാജാവിന് മുനികുമാരൻ്റെ ശാപം ഏൽക്കുകയുണ്ടായല്ലൊ.. എന്നാൽ ഈ ശാപം യാതൊരു ഭാവ മാറ്റവും മഹാരാജവിൽ ഉണ്ടാക്കിയില്ല. വിധി നടപ്പാക്കാന്‍ ഒരു നിമിത്തം മാത്രമായി അദ്ദേഹം ഈ ശാപത്തെ ഉള്‍ക്കൊണ്ടു. ശേഷിച്ച ദിവസങ്ങൾ ഹരിയുടെ പാദാരവിന്ദങ്ങളിൽ അർപ്പിച്ച് ജീവിതം സാർത്ഥകമാക്കാൻ അദ്ദേഹം തീരുമാനമെടുത്തു.

പുത്രനായ ജനമേജയനെ യുവരാജാവായി അഭിഷേകം ചെയ്ത് സര്‍വ്വ സംഗങ്ങളില്‍ നിന്നും മനസ്സിനെ മുക്തനാക്കിയ അദ്ദേഹം പവിത്രയായി ഒഴുകുന്ന ഗംഗാ നദീ തീരത്ത് പ്രായോപവേശം ചെയ്യാന്‍ മനസ്സിനെ സജ്ജമാക്കി.

ഗംഗയുടെ തീരത്തേയ്ക്ക്, മഹാരാജാവിൻ്റെ സന്നിധിയിലേയ്ക്ക് വിഖ്യാതരായ അനേകം മഹർഷിമാർ എത്തിചേർന്നു..

മഹാരാജാവ് മനസ്സിനെ ഏകാഗ്രമാക്കി, ഗംഗയുടെ തീരത്ത് ദർഭ വിരിച്ച് വടക്കോട്ട് ദർശനമായി ഇരുന്ന്, മഹർഷിമാരോടായി ഇങ്ങനെ അപേക്ഷിച്ചു:

‘ലോകരക്ഷാർത്ഥം സന്മാർഗ്ഗങ്ങൾ ഉപദേശിച്ചും അനുഗ്രഹങ്ങൾ വർഷിച്ചും സഞ്ചരിക്കുന്ന അല്ലയൊ മുനീശ്വരന്മാരെ! മൃത്യുവിനോട് അടുത്ത് കൊണ്ടിരിക്കുന്ന ഞാൻ ഈ ചുരുങ്ങിയ വേളയിൽ അനുഷ്ഠിക്കേണ്ട പരമമായ കർത്തവ്യം എന്തെന്ന് ഉപദേശിച്ചു തന്നാലും.’

രാജാവിൻ്റെ വാക്കുകള്‍ ശ്രവിച്ച മുനിമാര്‍ ഉടനെയൊരു ഉത്തരം നല്കാനാകാതെ വിഷമിച്ചു..

അപ്പോഴാണ് ആ വേദിയിലേയ്ക്ക് ബ്രഹ്മ തേജസ്സോടെ, എല്ലാവരുടേയും ശ്രദ്ധയും ആദരവും നമസ്ക്കാരങ്ങളും ഏറ്റുവാങ്ങിക്കോണ്ട് ശ്രീശുക ബ്രഹ്മർഷി കടന്ന് വരുന്നത്.

മഹാരാജാവിൻ്റെ അപേക്ഷ കേട്ട ശ്രീശുക മഹർഷിയുടെ മറുപടി ഏതാണ്ട് ഇപ്രകാരമായിരുന്നല്ലൊ..:

‘മഹാരാജാവെ.. മൃത്യുവിൽ നിന്ന് അങ്ങയെ രക്ഷിക്കാൻ ആർക്കും സാധിക്കില്ലെന്ന് ധർമ്മിഷ്ഠനായ അങ്ങേക്ക് അറിയാവുന്നതാണല്ലൊ.. പക്ഷെ ഈ ഏഴ് ദിവസം കൊണ്ട് അങ്ങയെ മൃത്യു ഭയത്തിൽ നിന്ന് ഞാൻ തീർത്തും മുക്തനാക്കി തരാം.. അങ്ങയുടെ ജീവനെ വിഷ്ണുപാദങ്ങളിലെത്തിച്ച് ബ്രഹ്മാനന്ദ രസത്തിൽ ലയിപ്പിച്ച് തരാമെന്ന് ഞാൻ അങ്ങേക്കിതാ വാക്കു തരുന്നു, മഹാരാജാവെ.. അങ്ങ് ഒട്ടും പരിഭ്രമിക്കേണ്ടതില്ല..’

ശ്രീശുക മഹർഷിയുടെ മറുപടി കേട്ട്, പരീക്ഷിത് മഹാരാജാവ് അദ്ദേഹത്തിൻ്റെ വാക്കുകൾക്കായി ആകാംക്ഷയോടെ കാത്തിരുന്നു..

അങ്ങനെ ശ്രീശുക മഹർഷിയും പരീക്ഷിത്തുമായുള്ള ഒരു സംവാദ രൂപത്തിലാണല്ലൊ ഭാഗവതം പുരോഗമിക്കുന്നത്..

ഇതിൽ 7 എന്ന സംഖ്യക്കും ഒരു പ്രാധാന്യമില്ലെ. ശരീരത്തിലെ മൂലാധാരചക്രം, സ്വാധിഷ്ഠാനചക്രം, മണിപൂരകചക്രം, അനാഹതചക്രം, വിശുദ്ധിചക്രം, ആജ്ഞാചക്രം, എന്നീ ഷഡ്ചക്രങ്ങൾക്കും മുകളിൽ സഹസ്രാര പദ്മത്തിലാണല്ലൊ പരമാത്മ ചൈതന്യത്തിന്റെ സ്ഥാനം..


ഷഡ്ചക്രോപരി സംസ്ഥിത..
സഹസ്രാരാംബുജാരൂഢ
സുധാ സാരാഭി വർഷിണി..

(ലളിതാ സഹസ്രനാമം)

ശ്രീകൃഷ്ണ ഭഗവാൻ ദ്വാരകയിലെത്തിയ സുദാമാവിനെ കാണുന്ന രംഗം രാമപുരത്ത് വാരിയർ വിവരിക്കുന്നത് നോക്കൂ..


ആഴിമകളുമൊരുമിച്ചൊരു കട്ടിലിന്മേലന്നേര-
മേഴാമ്മാളികമുകളിലിരുന്നരുളും
ഏഴുരണ്ടുലകുവാഴിയായ തമ്പുരാനെത്രയും
താഴെത്തൻ്റെ വയസ്യനെ ദൂരത്തു കണ്ടു..

താഴെയുള്ള ആറ് മാളികകൾ ഈ ആറ് ചക്രങ്ങൾ തന്നെയല്ലെ..

സപ്താഹത്തിൽ ഓരോ ദിവസവും ഓരോ മുളങ്കൊമ്പ് പൊട്ടിക്കൊണ്ടിരുന്നു എന്നതും ഈ ചക്രങ്ങളെ മറികടക്കുന്ന ജീവാത്മാവിൻ്റെ അവസ്ഥയെയല്ലെ കാണിക്കുന്നത്..

ശ്രീശുക മഹർഷി ആദ്യത്തെ ദിവസം തന്നെ ശ്രീകൃഷ്ണ ഭഗവാൻ്റെ കഥകൾ അവതരിപ്പിക്കുകയല്ലല്ലൊ ചെയ്യുന്നത്..

അത് വേണ്ടത്ര ഫലം ചെയ്യുകയില്ലെന്ന് മനസ്സിനെ പൂർണ്ണമായും അറിഞ്ഞ് അതിന്നപ്പുറവും ദർശിച്ചിട്ടുള്ള ആ മഹർഷീശ്വരന് നന്നായിട്ടറിയാമായിരുന്നല്ലൊ.

പന്ത്രണ്ട് സ്കന്ധങ്ങളുള്ള ഭാഗവതത്തിൽ, ദശമസ്കന്ധം മുതലാണല്ലൊ ഭഗവാൻ്റെ അവതാരവും മഥുരാ ലീലകളും ദ്വാരകാ ലീലകളും സ്വർഗ്ഗാരോഹണവും ഒക്കെ വർണ്ണിക്കുന്നത്..

ദശമസ്കന്ധം വരെ ഭഗവാൻ്റെ മറ്റ് അവതാര കഥകളൊക്കെ വർണ്ണിച്ച് പരീക്ഷിത് മഹാരാജാവിൻ്റെ മനസ്സിനെ മുക്തി ഭാവത്തിലേയ്ക്ക് ഒന്ന് ‘കണ്ടീഷൻ’ ചെയ്ത് എടുത്തിട്ടാണ് മഹർഷി പൂർണ്ണാവതാര കഥയിലേയ്ക്ക് കടക്കുന്നത്..

രചനാ പാടവം അത്ഭുതം തന്നെ!

ഏഴാം ദിവസം പരീക്ഷിത്തിന് ബ്രഹ്മോപദേശവും നൽകി ശ്രീശുകൻ ആ സദസ്സിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു..

മൃത്യുഭയം പൂർണ്ണമായും വിട്ടുപോയ മഹാരാജാവിന് തക്ഷകൻ്റെ ദംശനമേൽക്കുന്നു..
പരീക്ഷിത്ത് മഹാരാജാവ് ദേഹമുപേക്ഷിച്ച് മോക്ഷ പദവിയിലെത്തുകയും ചെയ്യുന്നു..

വാസ്തവത്തിൽ പരിചിതമായ ഈ ദേഹവും മനസ്സുമുപേക്ഷിച്ച് തീർത്തും അപരിചിതമായ ഒരു ലോകത്തേയ്ക്ക്, ഭഗവാൻ്റെ ലോകത്തേയ്ക്ക് പ്രവേശിക്കുന്നതിനുള്ള ഒരു ഭയമല്ലെ, മരണഭയം..
എന്തായിരിക്കും ആ അവസ്ഥ എന്നറിയാത്തതു കൊണ്ടുള്ള ഒരു ഭയം..
നിർഭാഗ്യവശാൽ അതനുഭവിച്ചവരാരും തന്നെ തിരിച്ചു വന്ന് ആ അവസ്ഥയെ കുറിച്ച് വിവരിച്ചിട്ടുമില്ല..
പക്ഷെ ആത്മജ്ഞാനം നേടിയിട്ടുള്ള മഹർഷിമാർ ആ അവസ്ഥയെക്കുറിച്ച് വിവരിച്ച് തരുന്നുണ്ട്..

പരീക്ഷിത്തിനോടെന്ന രൂപേണ ശ്രീശുക മഹർഷി നമ്മളോടും പറയുന്നു..

‘അവിടെ പേടിക്കാനൊന്നുമില്ല.. സാന്ദ്രമായ ആനന്ദം മാത്രമെയുള്ളു..’

പക്ഷെ മഹർഷി ഒന്ന് കൂടി ഓർമ്മപ്പെടുത്തുന്നുണ്ട്..
അതനുഭവിക്കണമെങ്കിൽ ഇഹത്തിലുള്ള ആസക്തികൾ കുറച്ച് കൊണ്ട് വരണം.. ഡിറ്റാച്മെന്റ് ശീലിച്ച് മനസ്സിനെ അന്തർമുഖമാക്കി ഒന്ന് കണ്ടീഷൻ ചെയ്തെടുക്കണം എന്ന് മാത്രം..

അങ്ങിനെ ഇഹത്തിൽ നിന്ന് മറ്റൊരു ലോകത്തേക്കുള്ള പ്രവേശനം ഭയമില്ലാത്ത രീതിയിലാക്കാൻ നമുക്ക് കഴിയും..
ഭാഗവത കഥകൾ ശ്രവിക്കുന്നതിലൂടെ.. പാരായണം ചെയ്യുന്നതിലൂടെ..ഭാഗവത സപ്താഹ രംഗങ്ങളിലൂടെ..

അതെ, ഭഗവാൻ്റെ ലോകത്തേക്കുള്ള ഒരു പ്രവേശനോത്സവം തന്നെയാണ് ഭാഗവത സപ്താഹ വേദികൾ..

ആയുരാരോഗ്യ സൗഖ്യങ്ങൾക്കായി പട്ടേരിപ്പാടിൻ്റെ നാരായണീയവും മോക്ഷ മാർഗ്ഗത്തിലേയ്ക്ക് വ്യാസൻ്റെ ഭാഗവതവും കയ്യിലെടുക്കാം..

ഭഗവാൻ പറഞ്ഞ് വെക്കുന്നുണ്ടൊ..

ഭാഗവതത്തിലെ നായകൻ ആരാണ്? ശ്രീകൃഷ്ണ ഭഗവാൻ? സംശയമാണ്..

ഒരു കൃതിയുടെ ഏതാണ്ട് അവസാന ഭാഗത്ത് നായകനെ അവതരിപ്പിക്കുന്ന രീതി പതിവില്ലല്ലൊ.‌
മാത്രവുമല്ല പ്രപഞ്ച നായകനെ തന്നെ നായകനാക്കി മറ്റൊരു കൃതി രചിക്കാനൊന്നും വേദവ്യാസൻ മുതിരുമെന്നും തോന്നുന്നില്ല..

ഭാഗവതത്തിൽ തുടക്കം മുതൽ അവസാനം വരെ നിറഞ്ഞ് നിൽക്കുന്നത് കഥ പറയുന്ന ശ്രീശുക മഹർഷിയും ശ്രോതാവായ പരീക്ഷിത്ത് മഹാരാജാവുമാണല്ലൊ..അപ്പോൾ പരീക്ഷിത്തെന്ന രൂപേണ ശ്രോതാക്കളായ നമ്മളൊക്കെ തന്നെ ഭാഗവതത്തിലെ നായകർ..അനുവാചകരെ നായകന്മാരാക്കി മറ്റേതെങ്കിലും കൃതി രചിക്കപ്പെട്ടിട്ടുണ്ടൊ..അറിയില്ല..

(വേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു വൃക്ഷത്തിലെ രണ്ട് കിളികളും ഈ ബന്ധത്തെ തന്നെയല്ലെ സൂചിപ്പിക്കുന്നത്..
മുകളിലത്തെ കിളി ശാന്തനായിരുന്ന്, സാന്ദ്രാനന്ദഭാവത്തിൽ ഉപദേശങ്ങൾ വർഷിക്കുന്ന ശ്രീശുകൻ..
താഴത്തെ ചില്ലകളിൽ ശാഖാ ചംക്രമണം നടത്തി വിഷയ ഫലങ്ങൾ കൊത്തി രസിച്ചിട്ടും തൃപ്തി വരാതെ മുകളിലത്തെ കിളിയെ അത്ഭുതപൂർവ്വം നോക്കികൊണ്ടിരിക്കുന്ന കിളികൾ, ശ്രോതാക്കളായ നാമും..)

മഹാഭാരതത്തിലും ശ്രീകൃഷ്ണ ഭഗവാനെ അവതരിപ്പിക്കുന്നത് ആദ്യ ഭാഗങ്ങളിലൊന്നുമല്ലല്ലൊ..
ദ്രൗപദിയുടെ സ്വയംവര ചടങ്ങിലാണെന്ന് തോന്നുന്നു, വളരെ കാഷ്വലായി ഭഗവാൻ ആദ്യമായി രംഗപ്രവേശം ചെയ്യുന്നത്..
(നല്ല ഉറപ്പില്ല)

സപ്താഹ വേദിയിൽ നാലാം ദിവസം വൈകുന്നേരം മഥുരയിലെ കാരാഗൃഹത്തിൽ നിന്നാരംഭിച്ച് ഏഴാം ദിവസം ദ്വാരകയിൽ പ്രഭാസ തീർഥത്തിലെ കടൽ തീരത്ത് അവസാനിക്കുന്ന സംഭവ ബഹുലമായ ഒരു യാത്രാ വിവരണമായി ഭാഗവതത്തിലെ സാരാംശം നമുക്ക് സംഗ്രഹിച്ചെടുക്കാം എന്ന് തോന്നുന്നു..

ഭഗവാൻ്റെ സ്വർഗ്ഗാരോഹണ രംഗവും ചില സൂചനകൾ അവശേഷിപ്പിക്കുന്നില്ലെ..

പാദത്തിൽ ഒരു വേടൻ്റെ അമ്പേറ്റ് കിടന്ന്, കരുണാ സമുദ്രമായ ആ പത്മതീർത്ഥങ്ങൾ എന്നെന്നേക്കുമായി അടഞ്ഞ് പോകുമ്പോൾ ആരാണ് അരികിൽ ഉണ്ടായിരുന്നത്? അറിയാതെ സംഭവിച്ച ഒരബദ്ധമോർത്ത്, തൊഴുകയ്യോടെ കണ്ണുനീർ ധാരയായി വർഷിച്ച് കൊണ്ട് നിൽക്കുന്ന, തികച്ചും ‘അപരിചിതനായ’ ഒരു വേടൻ മാത്രം.. മഥുരയിൽ നിന്ന് പോന്ന ശേഷം ഒരിക്കലെങ്കിലും ഗാനമൊഴുകി എന്ന് പരാമർശിച്ച് കണ്ടിട്ടില്ലാത്ത ആ മണിവേണുവും ഭഗവാൻ താഴെ വെച്ചു.. ആ ബന്ധവും അവസാനിപ്പിച്ചു..

ആത്മസുഹൃത്തായ അർജ്ജുനനൊ, രുക്മിണി ദേവിയൊ, പുത്രന്മാരൊ, ദ്വാരകാവാസികളിൽ ഒരാൾ പോലുമൊ ആ സമയത്ത് ഭഗവാൻ്റെ സമീപത്ത് ഇല്ലായിരുന്നു..

എല്ലാവരുമുണ്ടെങ്കിലും ആരും തൻ്റെ കൂടെ ഇല്ലെന്ന് വിലപിക്കുന്നവരോട് ഭഗവാൻ ഇത് കൂടി പറഞ്ഞ് വെക്കുന്നില്ലെ..
‘എൻ്റെ ഈ അവസാന നിമിഷങ്ങളൊന്ന് സ്മരിച്ച് കൊള്ളു.. നിങ്ങൾക്ക് ഒരിക്കലും ദു:ഖിക്കേണ്ടിവരില്ല..’

അതെ, ഭാഗവത സപ്താഹം ഒരു പ്രവേശനോത്സവം തന്നെ..
കാലഭേദങ്ങളില്ലാതെ കൊണ്ടാടപ്പെടുന്ന ഒരു പ്രവേശനോത്സവം..

– ബ്രഹ്മശ്രീ. മാന്തിട്ട വിഷ്ണു നമ്പൂതിരി

Comments are closed.