Brahmashree Mumbai Chandrashekha Sharma


admin 0 Comments

ശുകകഥാശുകൻ ബ്രഹ്മശ്രീ മുംബൈ ചന്ദ്രശേഖ ശർമ്മ

 

ഭാഗവത കഥാമൃതം കൊണ്ട് ഭക്ത ഹൃദയങ്ങളെ ആനന്ദത്തിലാറാടിക്കുന്ന ശുകകഥാശുകൻ ബ്രഹ്മശ്രീ മുംബൈ ചന്ദ്രശേഖ ശർമ്മ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ സ്വാമിമല എന്ന സ്ഥലത്ത് ജനിച്ചു. തിരുനൽവേലിയിലെ തെങ്കാശിക്കടുത്തുള്ള കടയനല്ലൂർ ആണ് അദ്ദേഹത്തിൻ്റെ സ്വന്തം ഗ്രാമം. 9 വയസ്സുള്ളപ്പോൾ തന്നെ ഭാരതത്തിൻ്റെ വൈദിക പാരമ്പര്യത്തെ മുറുകെ പിടിച്ചു കൊണ്ട് കുഴിത്തുയിൽ കാഞ്ചി മഠത്തിൻ്റെ കീഴിലുള്ള വേദപാഠശാലയിൽ 8 വർഷം വേദം അഭ്യസിച്ചു. സുബ്രഹ്മണ്യ ഗണപാഠികളായിരുന്നു ഗുരു.

പിന്നീട് തപോവന ജ്ഞാനാനന്ദ സ്വാമികളുടെ തപോവനത്തിൽ കൃഷ്ണപ്രേമി മഹാരാജിൻ്റെ ഭാഗവത പാഠശാലയിൽ ചേർന്നു. ശ്രീധരീയ വ്യാഖ്യാനത്തോടു കൂടിയുള്ള ഭാഗവത പഠനവും രാമായണ പഠനവും 6 വർഷത്തോളം തുടർന്നു. ഒപ്പം സംസ്കൃത പാഠങ്ങളായ തർക്കം, മീമാംസ, വ്യാകരണം തുടങ്ങിയവയും പരിചയിച്ചു. സംസ്കൃത കോളേജ് പ്രൊഫസ്സർ ശ്രീകാന്ത് ശർമ്മയായിരുന്നു അവിടുത്തെ ഗുരുനാഥൻ.

പ്രസ്ഥാനത്രയം എന്നറിയപ്പെടുന്ന ഭഗവദ്ഗീത, ദശോപനിഷത്ത്, ബ്രഹ്മസൂത്രം എന്നിവ കൃഷ്ണപ്രേമി മഹാരാജിൽ നിന്ന് നേരിട്ട് തന്നെ അഭ്യസിക്കുവാനുള്ള ഭാഗ്യവും ഉണ്ടായി. അതിനു ശേഷം 12 വർഷത്തോളം ഭാഗവത പഠനക്ലാസുകൾക്ക് നേതൃത്വം നൽകി. അതോടൊപ്പം തന്നെ സപ്താഹ വേദികളിൽ നിറസാന്നിദ്ധ്യമായി.

ഭാഗവതത്തിൻ്റെയും വേദത്തിൻ്റെയും ഉപാസകനായ ഈ മഹാത്മാവ് കേരളത്തിൽ ആദ്യമായി എത്തിയത് മള്ളിയൂരിൽ 18-മത് അഖില ഭാരത ഭാഗവത സത്രത്തിലെ പ്രഭാഷണത്തിനായിരുന്നു. ബ്രഹ്മശ്രീ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി ആണ് ശർമ്മാജിക്ക് ശുകകഥാശുകൻ എന്ന ബഹുമതി സമ്മാനിച്ചത്. കൂടാതെ ശ്രീകൃഷ്ണ ലീലാശുകൻ എന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഭാഗവത പ്രവചന ഉത്തമൻ എന്നാണ് ശർമ്മാജി അറിയപ്പെടുന്നത്. ഭാഗവത സപ്താഹം, രാമായണ നവാഹം തുടങ്ങിയവക്ക് ആചാര്യ സ്ഥാനം വഹിക്കുകയും പുരാണാനുബന്ധിയായ നിരവധി പ്രഭാഷണങ്ങളും നടത്തി വരുന്നു, ഇപ്പോൾ താമസം ഗോവിന്ദപുരത്താണ്. ഏകദേശം 400 ഓളം സപ്താഹങ്ങൾ നടത്തിയിട്ടുള്ള ഈ പുണ്യാത്മാവ് ഭഗവതസഞ്ചാരിയായി ഇന്നും ഭക്ത മനസ്സുകളെ പുളകം കൊള്ളിച്ചുകൊണ്ടിരിക്കുന്നു.