അച്യുതാനന്ദ ഗോവിന്ദ


srimadbhagavatham.org 5 Comments

അച്യുതാനന്ദ ഗോവിന്ദ

അച്യുതാനന്ദ ഗോവിന്ദ കൃഷ്ണ!
സച്ചിതാനന്ദ മാധവാ…
ഉച്ചരിക്കായ് വരേണം നാമങ്ങൾ
സ്വച്ഛ മാനസരായ് ഞങ്ങൾ
ആശ്രിത ജനവത്സലാ കൃഷ്ണ!
ആശ്രയിക്കുന്നു നിത്യവും
ആപത്തെല്ലാമൊഴിച്ചു ഞങ്ങളേ
ആപത്ബാന്ധവാ കാക്കണേ
ഇല്ല ഞങ്ങൾക്ക് നീയല്ലാതാരും
ഇണ്ടൽ നീക്കി തുണക്കുവാൻ
ഇന്ദിരാകാന്ത കൈ തൊഴാം ഗുരു –
മന്ദിര വാസശരണം നീ.
ഈരേഴുലോകം പാലിക്കും നാഥ
ഈശ്വരാ ജഗദീശ്വരാ…
ഈണ മോടെ നിൻ നാമങ്ങൾ ചൊല്ലാൻ
ഈശനുള്ളിൽ വിളങ്ങണേ
ഉണ്ടനേകം ദുരിത പാപങ്ങൾ
കൊണ്ടൽവർണ്ണ ഞാൻ ചെയ്തതായ്‌
ഉൾക്കുരുന്നിൽ കനിവിയെന്നെൻ്റെ
ഉൾത്താപം സർവ്വം തീർക്കണേ
ഊക്കേറും പാപശക്തി കൊണ്ടെൻ്റെ
വാക്കെല്ലാം ദുഷിച്ചീടാതെ
ഭക്തവത്സല കാത്തുകൊള്ളണേ
ഭക്തിയേകണേ ശ്രീപതേ
എത്ര പാപം ഞാൻ ചെയ്തുവെന്നാലതൊക്കെ
നീ പൊറുത്തീടണം
എന്തിനീ ഭവസാഗരം തന്നിൽ
നീന്തിയെന്നെ വലയ്ക്കുന്നു
ഏറിയേറിവരുന്നു ദുഃഖങ്ങൾ
ഏറെക്കാലമായെന്നുള്ളിൽ
ഏണനേർ മിഴി ജാനകീ കാന്ത
ഏറെയെന്നെ വലക്കല്ലേ
ഐഹികസുഖം വേണ്ടെനിക്കിനി
ഐവർ സാരഥെ കാർവർണ്ണാ
നന്ദ നന്ദന സുന്ദര രൂപാ
വന്ദനം കൃഷ്ണ വന്ദനം
ഒന്നുമില്ലെനിക്കാശ ശ്രീകൃഷ്ണ
പൊന്നുണ്ണി നിന്നെയല്ലാതെ
വ്യർത്ഥമാണ് നിരർഥകമാണീ
മണ്ണിൽകാണ്മതു സർവ്വവും
ഓടിയോടിത്തളരുമ്പോളെൻ്റെ
ഓമനക്കണ്ണാ കാക്കണേ
ഓർമ്മയിൽനിൻ്റെ ശ്യാമള രൂപം
ഓർക്കാൻ കാരുണ്യ മേകണേ
ഔഷധസേവ ഒന്നുമില്ലെനി-
ക്കൗഷധീശ നീയല്ലാതെ
കാത്തുകൊള്ളണേ കായാംബൂ വർണ്ണ
കാരുണ്യക്കടലല്ലേ നീ
അംബുജേക്ഷണാ തുമ്പങ്ങൾ നീക്കി
അൻപിൻ തൂമഴ പെയ്യണേ
നിൻപാദഭക്തിയെന്നും നൽകണേ
തമ്പുരാനേ തുണയ്ക്കണേ (2)

രചന

ശ്രീമതി. പദ്മിനി പ്രഭാകർ, മുടപ്പല്ലൂർ

ആലാപനം

ശ്രീമതി. സാവിത്രി തിരൂർ

Comments are closed.