ക്ഷേത്രത്തിൻ്റെ പ്രസക്തി


Ramadevi Ramakrishnan 0 Comments

ക്ഷേത്രത്തിൻ്റെ പ്രസക്തിയും ദർശനത്തിൻ്റെ ശാസ്ത്രീയതയും


ഓം
സർവേഷാം സ്വസ്തിർ ഭവതു
സർവേഷാം ശാന്തിർ ഭവതു
സർവേഷാം പൂർണ്ണം ഭവതു
സർവേഷാം മംഗളം ഭവതു

സനാതന ധർമത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ അഥവാ വേരുകൾ ക്ഷേത്രങ്ങളിൽ അധിഷ്ഠിതമായിരിക്കുന്നു. സമൂഹ ജീവിയായ ഏതൊരു ഹിന്ദുവിൻ്റെയും പരമ്പരാഗത ആചാര അനുഷ്ടാനങ്ങളുടെയും സാമൂഹിക-ബൗദ്ധികതല വികാസങ്ങളുടെയും ഒക്കെ അടിത്തറ ആയി ക്ഷേത്രങ്ങളെ നമുക്ക് വിശേഷിപ്പിക്കാം. ‘ക്ഷയാത് ത്രായതേ ഇതി ക്ഷേത്ര’ – നാശത്തിൽ നിന്നും നമ്മെ രക്ഷിക്കുന്നത് ഏതൊന്നാണോ അത് അത്രേ ക്ഷേത്രം. നിത്യവും ക്ഷേത്ര ദർശനം നടത്തുന്ന ഒരു വ്യക്തിയെ കണ്ടാൽ നമുക്ക് അദ്ദേഹത്തെ തിരിച്ചറിയാൻ സാധിക്കും. അദ്ദേഹത്തിൽ ഒരു പ്രത്യേക തരം ചൈതന്യം വിളയാടുന്നതായി നമുക്ക് കാണാൻ കഴിയും.

പണ്ട് എല്ലാ ജാതിയിലും സമുദായത്തിലും പെട്ട ഹിന്ദുക്കളും അവരുടെ ഇഷ്ടദേവതയെയോ ദേവിയെയോ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു പരദേവത സങ്കൽപം എന്ന പേരിൽ ആചാര അനുഷ്ടാനങ്ങളും ചടങ്ങുകളും നടത്തി പോന്നു. ഈ പരദേവത ക്ഷേത്രങ്ങളോട് അനുബന്ധിച്ചു ആഘോഷങ്ങളും സാമൂഹികമായ പ്രവർത്തനങ്ങളും എല്ലാം നടത്തി പോന്നു. ഉദാഹരണമായി നമുക്ക് നമ്മുടെ എല്ലാം അഭിമാനമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം തന്നെ എടുക്കാം. തിരുവിതാംകൂർ രാജാക്കന്മാരുടെ പരദേവതയായിരുന്നു ശ്രീ പദ്മനാഭസ്വാമി. രാജകുടുംബാംഗങ്ങൾ അവരുടെ ഏതു പ്രവർത്തിയും മംഗളകർമങ്ങളും ശ്രീ പദ്മനാഭന് സമർപ്പിച്ചായിരുന്നു ചെയ്തിരുന്നത്. ഇന്നും ഈ ആചാരങ്ങൾ നില നിൽക്കുന്നു. അങ്ങനെ എല്ലാ വംശജർക്കും സമുദായങ്ങൾക്കും അവരുടേതായ ഒരു ക്ഷേത്രവും ക്ഷേത്ര ആചാരങ്ങളും നിലനിന്നു പോന്നു. ഇനി നമുക്ക് ക്ഷേത്രത്തിൻ്റെ പ്രസക്തിയെ കുറിച്ചും ക്ഷേത്രദർശനത്തിൻ്റെ മേന്മയെ കുറിച്ചും മനസ്സിലാക്കാം.

മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളെ അപേക്ഷിച്ചു ഹൈന്ദവ ക്ഷേത്രങ്ങളിൽ ദേവീ-ദേവന്മാരുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു കാണുന്നു. ഇങ്ങനെയുള്ള വിഗ്രഹങ്ങൾ ശ്രേഷ്‌ഠമായ ശിലകളാലോ ലോഹങ്ങളാലോ നിർമിച്ചതാകുന്നു. ശിലയിലോ ലോഹങ്ങളിലോ നിർമിച്ചിട്ടുള്ള ഇത്തരം വിഗ്രഹങ്ങൾ വെറും പ്രതിമകൾ അല്ല. സാത്വികമായ വേദ മന്ത്രങ്ങളാലും പൂജാ വിധികളാലും അഗാധമായ താന്ത്രിക പാണ്ഡിത്യം നേടിയിട്ടുള്ള ശ്രേഷ്ഠനായ, തേജസ്‌വിയായ, വരേണ്യനായ ഒരു വ്യക്തി ആത്മചൈതന്യത്തെ ആ വിഗ്രഹത്തിലേക്കു ആവാഹനം ചെയ്യുന്നു. അങ്ങനെ ആ വിഗ്രഹങ്ങൾ ചൈതന്യവത്തായി തീരുന്നു. അങ്ങനെ ഉള്ള ഈ വിഗ്രഹങ്ങൾക്ക് ഊർജ്ജത്തെ ആഗിരണം ചെയ്യാനും വികിരണം ചെയ്യാനുമുള്ള കഴിവ് ഉണ്ടാകുന്നു. ഇത് ശാസ്ത്ര പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്തു മുഴങ്ങുന്നതായ ശംഖ നാദം വാദ്യഘോഷങ്ങൾ, മന്ത്രധ്വനി, മണിനാദം എന്നിവയുടെ ശബ്ദഘോഷങ്ങളിലൂടെ ശബ്ദത്തിൻ്റെ ഊർജ്ജവും, ക്ഷേത്രത്തിനകത്തും പുറത്തും കത്തിക്കുന്ന ദീപനങ്ങളിലൂടെ പ്രകാശ-താപ ഊർജ്ജവും, ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന ചന്ദനത്തിരി, കർപ്പൂരം ചന്ദനം, കളഭം തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളിൽ നിന്നും സുഗന്ധ പുഷ്പങ്ങൾ കൊണ്ടുള്ള അർച്ചനയിലൂടെയും നിരന്തരം കെമിക്കൽ എനർജിയും കൂടാതെ വിശേഷ പൂജ കർമ്മങ്ങളിലൂടെയും ഈ വിഗ്രഹങ്ങളെ അതീവ ചൈതന്യവത്താക്കി മാറ്റുന്നു. ഇങ്ങനെ ചൈതന്യവത്താക്കപ്പെട്ട പോസിറ്റീവ് എനർജി നിറഞ്ഞു നിൽക്കുന്ന വിഗ്രഹങ്ങളിൽ നിന്നും ക്ഷേത്ര ദർശനത്തിനു എത്തുന്ന ഭക്തരിലേക്കു ഈ ഊർജ്ജം അതായതു ആ ചൈതന്യം വികിരണം ചെയ്യപ്പെടുന്നു.

അപ്രകാരം നിത്യവും ക്ഷേത്രദർശനം നടത്തി ഈ പോസിറ്റീവ് എനർജിയെ ഉൾക്കൊള്ളുന്ന ഒരുവൻ ജീവിതത്തിൽ എപ്പോളും ഊർജ്ജസ്വലനും സന്തോഷവാനുമായി കാണപ്പെടുന്നു. ഇപ്രകാരം ക്ഷേത്ര ദർശനം നടത്തുന്ന ഒരുവന് തൻ്റെ പഞ്ചേന്ദ്രിയങ്ങളുടെ ഉത്തേജനം സാധ്യമാകുന്നു. എങ്ങനെ എന്ന് വെച്ചാൽ ശ്രീകോവിലിലെ വിഗ്രഹത്തിൻ്റെ പ്രഭാമണ്ഡലം, വിഗ്രഹത്തിൽ ചാർത്തിയിരിക്കുന്ന സ്വർണാഭരണങ്ങൾ, തിളങ്ങുന്ന ഓട്, പിത്തള, വെള്ളി മുതലായ വിളക്കുകൾ, പുജാപാത്രങ്ങൾ, അവയിൽ നിന്നും ജ്വലിക്കുന്നതായ ദീപനാളങ്ങൾ, വർണപുഷ്പങ്ങൾ എന്നിവ ഒരുവൻ്റെ കണ്ണുകളെ ചൈതന്യവത്താക്കുന്നു.

മന്ത്രധ്വനി, വാദ്യഘോഷങ്ങൾ, മണിനാദം, ശംഖധ്വനി, കീർത്തനാലാപനം മുതലായവ കർണ്ണേന്ദ്രിയങ്ങളെയും കർപ്പൂരം, ചന്ദനത്തിരി, സുഗന്ധപുഷ്പങ്ങൾ മുതലായവ നാസാരന്ധ്രത്തെയും, നമുക്ക് പ്രസാദമായി ലഭിക്കുന്ന ഭസ്മം,ചന്ദനം, കുങ്കുമം, കളഭം, എന്നിവ ത്വക്ക് ഇന്ദ്രിയത്തെയും, തീർത്ഥം , ത്രിമധുരം, പായസം എന്നിവ രസനേന്ദ്രിയമായ നാക്കിനെയും ചൈതന്യവത്താക്കുന്നു. ക്ഷേത്രദർശനം വഴി നമുക്ക് ആവശ്യമുള്ളതായ ഒരു ഊർജ്ജം, ഒരു പോസിറ്റീവ് എനർജി കിട്ടുവാൻ സാധ്യമാകുന്നു. ചുരുക്കത്തിൽ ക്ഷേത്രം ഊർജ്ജ സ്ത്രോതസ്സുകളുടെ ആഗിരണ-വികിരണ കേന്ദ്രമാകുന്നു. ഇപ്രകാരം ഒരു വ്യക്തി വിഗ്രഹത്തിൽ നിന്നും വികിരണം ചെയ്യുന്ന ഊർജ്ജത്തെ സ്വീകരിക്കാൻ പാകത്തിൽ തയ്യാറായി വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ ക്ഷേത്രങ്ങൾ ക്ഷേത്രസങ്കല്പത്തിലും പൂജാവിധികളിലും കർമ്മാനുഷ്ടാനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നവയാണ്. ഉദാഹരണമായി ക്ഷേത്രത്തിൽ ശുചിയായും ശുഭ്ര വസ്ത്രധാരിയായും അച്ചടക്കത്തിലും വേണം പ്രവേശിക്കുവാൻ. അതുപോലെ ഉത്സാവാഘോഷങ്ങളിൽ പ്രത്യേക നിബന്ധനകളും വെച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ചിലർക്ക് ക്ഷേത്ര നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായും അരോചകമായും തോന്നിയേക്കാം. ഈ പ്രപഞ്ചം മുഴുവൻ പഞ്ചേന്ദ്രിയങ്ങൾക്കു അതീതമായ ചില ഊർജ്ജസ്ത്രോതസ്സുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്. അനുഭവത്തിൽ നിന്ന് മാത്രമേ നമുക്ക് അതിനെ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ. ഉദാഹരണത്തിന് ഒരു സ്വിച്ച് ഓൺ ചെയ്യുമ്പോൾ ഫാൻ കറങ്ങുന്നു, ബൾബ് പ്രകാശിക്കുന്നു. അപ്പോൾ നമ്മൾ വൈദ്യുതിയുടെ സാന്നിധ്യത്തെ മനസിലാക്കുന്നു. എന്നാൽ നമ്മൾ ആരും വൈദ്യുതി കണ്ടിട്ടില്ല. അതിൻ്റെ സാന്നിധ്യം അനുഭവങ്ങളിലൂടെ മനസ്സിലാക്കുകയാണ് ചെയ്യുന്നത്. അത് പോലെ നമ്മുടെ ശരീരത്തിലെ ഏതെങ്കിലും എല്ലു പൊട്ടി എന്നിരിക്കട്ടെ: അത് ചേർത്ത് വെച്ച് ബാൻഡേജ് ഇടുക മാത്രമേ വൈദ്യശാസ്ത്രത്തിന് ചെയ്യുവാൻ ആവുകയുള്ളൂ. ഒരു ഡോക്ടറിനും പൊട്ടിയ എല്ലിനെ യോജിപ്പിച്ചു പൂർവ്വസ്ഥിതിയിലാക്കുവാൻ സാധിക്കുകയില്ല. എന്നാൽ ഈ പൊട്ടിയ എല്ലുകൾ സ്വയം യോജിച്ചു ക്രമേണ പൂർവസ്ഥിതിയിൽ എത്തുന്നത് കാണാം. ഈ മാന്ത്രിക ശക്തി എവിടെ നിന്നാണ് കിട്ടിയത്? എവിടെ നിന്ന് വന്നു? ഏതു ചൈതന്യം ആണ് പൊട്ടിയ എല്ലിനെ വിളക്കി ചേർത്തത്? അത് പോലെ സൂര്യൻ കൃത്യമായി കിഴക്കു ഉദിക്കുന്നു പടിഞ്ഞാറു അസ്തമിക്കുന്നു. ഭൂമി സ്വയം കറങ്ങുന്നു. സൗരയൂഥങ്ങൾ അവയുടെ നിശ്ചിത പരിധിയിൽ ഭ്രമണം ചെയ്യുന്നു. ഏതു ശക്തിയാണ് ഇത്രയും കൃത്യമായി ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്? ഉത്തരം മുട്ടുമ്പോൾ നാം സാധാരണ പറയുന്ന ഒരു വാക്കുണ്ട് – പ്രകൃതി നിയമം. ഈ നിയമം ഉണ്ടാക്കിയത് ആരാണ്? ഏതോ ഒരു അദൃശ്യ ശക്തി എവിടെയും എപ്പോളും നിറഞ്ഞു നിൽക്കുന്നു എന്ന വസ്തുത നാം അംഗീകരിക്കേണ്ടി ഇരിക്കുന്നു.

ആ ശക്തി ആണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്. പുല്ലിലും പുഴുവിലും മണ്ണിലും മരത്തിലും മനുഷ്യരിലും മൃഗങ്ങളിലും സർവ ചരാചരങ്ങളിലും ആ ചൈതന്യം നിറഞ്ഞു നിൽക്കുന്നുണ്ട്. ഋഷിവര്യന്മാർ ആ ചൈതന്യത്തെ ബ്രഹ്മമെന്നും നാം അതിനെ ഈശ്വരനെന്നും വിളിക്കുന്നു. ശാസ്ത്രജ്ഞർ ആകട്ടെ ആറ്റം എന്നും പരമാണു എന്നും സംബോധന ചെയ്യുന്നു. എല്ലാ ക്ഷേത്രത്തോടും അനുബന്ധിച്ചു സമീപത്തായി ഒരു കുളമോ ഒരു നദിയോ ജലാശയമോ ഉണ്ടാകും. പഴയകാലത്തു സ്ത്രീ-പുരുഷ ഭേദമന്യേ ഈ ജലാശയങ്ങളിൽ സ്നാനത്തിനു ശേഷം ക്ഷേത്ര ദർശനം നടത്തിയിരുന്നു. അന്നെല്ലാം അതൊരു പതിവായിരുന്നു. അതൊരു യാഥാർഥ്യവും ആയിരുന്നു. ഉദാഹരണത്തിന് എൻ്റെ കുട്ടിക്കാലത്തു എൻ്റെ അമ്മ ദിവസവും രാവിലെ ശാസ്താംകോട്ട കായലിൽ കുളിച്ചു ക്ഷേത്ര ദർശനം നടത്തി വന്നതിനു ശേഷമായിരുന്നു ഗൃഹകാര്യങ്ങൾ ചെയ്തിരുന്നത്. ഇത് എനിക്കിന്നും മറക്കാനാവാത്ത ഒരു അനുഭവമാണ്. അപ്രകാരം കുളത്തിലോ നദിയിലോ ജലാശയത്തിലോ മുങ്ങി കുളിച്ചു ശുചിയായി ഈറൻ വസ്ത്രത്തോടെ ക്ഷേത്രദർശനം നടത്തുന്ന ഒരു വ്യക്തിക്ക് ശരിയായ ഊർജ്ജപ്രവാഹം വിഗ്രഹത്തിൽ നിന്നും സ്വീകരിക്കുവാൻ സാധിക്കുന്നു. സ്ത്രീകൾ ഈറൻ വസ്ത്രത്തിലും പുരുഷന്മാർ മേൽവസ്ത്രമില്ലാതെയും ക്ഷേത്ര ദർശനം നടത്തുകയാണ് പതിവ്. അങ്ങനെ ചെയ്യുമ്പോൾ വിഗ്രഹത്തിലെ ചൈതന്യവത്തായ ഊർജ്ജം ശരീരത്തിൽ നേരിട്ട് ലഭിക്കുന്നു.അതിനാലാണ് പുരുഷന്മാർ ക്ഷേത്രദർശന സമയത്തു ഷർട്ട്, ബനിയൻ മുതലായ മേൽവസ്ത്രങ്ങൾ ധരിക്കരുത് എന്ന് പറയുന്നത്. പുരുഷന്മാർ നെഞ്ചിൽ കൂടി ഈ ഈശ്വര ചൈതന്യം ആഗിരണം ചെയ്യുമ്പോൾ സ്ത്രീകൾ അവരുടെ കണ്ഠം, നെറ്റി, പുരിക മദ്ധ്യം എന്നീ ഭാഗങ്ങളിലൂടെ ഊർജ്ജത്തെ ആഗിരണം ചെയ്യുന്നു. കൂടാതെ പ്രദക്ഷിണത്തിലൂടെ എല്ലാ ഭാഗങ്ങളിലേക്കും ചൈതന്യത്തെ ഉൾക്കൊള്ളുവാൻ സാധിക്കുന്നു.
അങ്ങനെ ക്ഷേത്രത്തിലൂടെയും ക്ഷേത്രദർശനത്തിലൂടെയും കരുണാമയനായ ഭഗവാനിൽ ഭക്തി ഉറയ്ക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യമാണ് ക്ഷേത്രദർശനം കൊണ്ട് ഉദ്ദേശിക്കുന്നതും സാധ്യമാകുന്നതും.

ഹരി ഓം

– ശ്രീമതി. രമാദേവി രാമകൃഷ്ണൻ, തിരുവനന്തപുരം