ആരാണ് ഭക്തൻ ?


Shylesh Namboothiri 0 Comments

വിപ്രാദ്‌ ദ്വിഷഡ്ഗുണയുതാദരവിന്ദനാഭ –
പാദാരവിന്ദവിമുഖാച്ഛ്വപചം വരിഷ്ഠം
മന്യേ തദർപ്പിതമനോവചനേഹിതാർത്ഥ –
പ്രാണം പുനാതി സ കുലം ന തു ഭൂരിമാന:

( ശ്രീമദ് ഭാഗവതം – സപ്തമ സ്കന്ധം, അദ്ധ്യായം 9, ശ്ലോകം 10 )

പ്രഹ്ലാദസ്തുതിയിൽ പരമഭാഗവതനായ പ്രഹ്ലാദൻ പറയുന്നു 12 ഗുണങ്ങളോടുകൂടിയ ബ്രാഹ്മണനാണെങ്കിലും ഭഗവദ്പാദാരവിന്ദങ്ങളിൽ വിമുഖനാണെങ്കിൽ അവനേക്കാൾ ശ്രേഷ്ഠൻ ഭഗവാനിൽ മനസ്സിനെയും ബുദ്ധിയെയും വാക്കിനെയും പ്രാണങ്ങളെയും ഇന്ദ്രിയ വ്യാപാരങ്ങളെയും സർവ്വതിനേയും സമർപ്പിച്ചിരിയ്ക്കുന്ന ചണ്ഡാളൻ തന്നെയാണ്. അവൻ അവനെ മാത്രമല്ല കുലത്തെ മുഴുവനും ശുദ്ധമാക്കുന്നു. ഇതിനു മുൻപുള്ള ശ്ലോകത്തിലും വ്യക്തമായി പറയുന്നത്
” ഭക്ത്യാ തുതോഷ ഭഗവാൻ ഗജയൂഥപായ ” എന്നാണ്. ഭക്തി ഒന്നുകൊണ്ടു മാത്രമേ ഭഗവാൻ സന്തോഷിയ്ക്കുകയുള്ളൂ. മറ്റെന്തൊക്കെ ഭൗതികവും ആദ്ധ്യാത്മികവുമായ ശ്രേഷ്ഠതകളുണ്ടെങ്കിലും അതൊന്നും ഭഗവാനെ സന്തോഷിപ്പിയ്ക്കുന്നില്ല എന്ന്.

ശമം, ദമം, തപസ്സ് ,ശൗചം ,ക്ഷാന്തി, ആർജ്ജവം, വിരക്തി, ജ്ഞാനം, വിജ്ഞാനം ,സന്തോഷം, സത്യം, ആസ്തിക്യം എന്നീ ഗുണങ്ങൾ ആരിലാണോ ഉള്ളത് അവനാണ് ബ്രാഹ്മണൻ. ഈ ഗുണങ്ങളെല്ലാം പൂർണ്ണമായി തികഞ്ഞിരിയ്ക്കുന്ന ബ്രാഹ്മണൻ ആണെങ്കിലും ഭക്തിയില്ലെങ്കിൽ അവൻ പരിശുദ്ധനാകുന്നില്ല. അവനെയും അവൻ്റെ കുലത്തെയും ( സമൂഹത്തെയും ) ശുദ്ധമാക്കാൻ അവനു സാധിയ്ക്കുന്നില്ല. ഭക്തിഹീനന്മാർക്ക് ഈ ഗുണങ്ങൾ ഗർവ്വിന് കാരണമായിത്തീരുകയെ ഉള്ളൂ. അതുകൊണ്ട് ഈ ജീവിതത്തിൽ നമുക്ക് നേടേണ്ടത് ശ്രീഹരിയിലുള്ള പരാഭക്തി തന്നെയാണ്. അതാണ് ഭാഗവതം മുഴുവനും ഉദ്ഘോഷിയ്ക്കുന്നതും. അതു നേടുക എന്ന ലക്ഷ്യത്തോടെയാവട്ടെ നമ്മുടെ ഭാഗവത പഠനവും ഉപാസനയും.

വിപ്രാദ്വിഷഡ്ഗുണ യുതാദരവിന്ദനാഭ –
“ഭവേ ഭവേ യഥാഭക്തി: പാദയോസ്തവ ജായതേ
തഥാ കുരുഷ്വ ദേവേശ! നാഥസ്ത്വം നോ യത: പ്രഭോ!”
( ഏതു വിധമായാൽ ഞങ്ങൾക്ക് ഏതു ജന്മത്തിലും അങ്ങയുടെ പാദപത്മങ്ങളിൽ പരമമായ ഭക്തി സംഭവിയ്ക്കുമോ ആ വിധം ഞങ്ങളെ അനുഗ്രഹിക്കേണമേ… )

( ശ്രീമദ് ഭാഗവതം – ദ്വാദശ സ്കന്ധം, അദ്ധ്യായം 13, ശ്ലോകം 22 )

– ബ്രഹ്മശ്രീ. കല്ലമ്പള്ളി ശൈലേഷ് നമ്പൂതിരി