ഭാഗവതം ജീവിതത്തിലൂടെ...
മാനവസമൂഹത്തിൻ്റെ ആവശ്യം പരമശാന്തിയാണ്. മാനവ സമൂഹത്തിൻ്റെയും സമസ്ത ജീവജാലങ്ങളുടെയും ആദർശ സംഹിതയാണ് ശ്രീമദ് ഭാഗവതം. ഭാഗവതത്തിൻ്റെ മതമനുസരിച്ച് സമസ്ത ജീവജാലങ്ങളിലെയും ആത്മീയ സത്തയെ മനസ്സിലാക്കുക എന്നതാണ്. അതിനാൽ നമ്മുടെ ഋഷീശ്വരന്മാർ ബ്രഹ്മസൂത്രത്തിൽ നിന്നും ഒന്നാം പാദം 2- )o സൂത്രത്തോടെയാണ് ഭാഗവതാരംഭം. ഇന്ന് ലോകം ഭൗതികമായി ( സാമ്പത്തികം, വിദ്യാഭ്യാസം, സുഖസൗകര്യങ്ങൾ ) പുരോഗമിച്ചു എന്നാൽ അതുപോലെ ആത്മീയ ജ്ഞാനത്തിൻ്റെ അഭാവം മൂലം എവിടെയും കലഹം മാത്രം. സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും ശാന്തിയുടേയും സമൃദ്ധിയോടെ മനുഷ്യനെ നയിക്കുന്നത് ആത്മീയ ജ്ഞാനം ഒന്നു കൊണ്ട് മാത്രമാണ്. അതിന്നുള്ള ഉത്തമ ഗ്രന്ഥമാണ് വേദാന്തസാരമായുള്ള ശ്രീമദ് ഭാഗവതം.
ഇളയിടം ശങ്കരനാരായണൻ നമ്പൂതിരി (മനു കുമാർ ഇളയിടം)
സത്യം പരം ധീമഹി
പരമമായ സത്യത്തെ ഞങ്ങൾ ധ്യാനിയ്ക്കുന്നു. ആദിമദ്ധ്യാന്ത രഹിതനും, സത്യജ്ഞാനാനന്ദ സ്വരൂപനും, വേദങ്ങൾക്കു പോലും അപ്രാപ്യസ്ഥനുമായിരിയ്ക്കുന്ന ആ നിഷ്കളബ്രഹ്മത്തെ ഉപാസിയ്ക്കുന്നതിനു വേണ്ടി, ഭഗവാൻ്റെ മുഖ കമലത്തിൽ നിന്നു ചതുശ്ശ്ളോകീരൂപേണ നിർഗ്ഗളിച്ചു ഭഗവതവതാരമായ സാക്ഷാത് ശ്രീ വേദവ്യാസമഹർഷിയാൽ അതിനെ ഒരു ജ്ഞാനസാഗരമാക്കി സജ്ജന പരിപാലനാർത്ഥം ലോകത്തിനു മുൻപിൽ വെളിവാക്കപ്പെട്ട മഹദ്ഗ്രന്ഥമത്രേ ശ്രീമദ് ഭാഗവതം. ഭാഗവത സ്മരണ കൊണ്ടു തന്നെ അനേക കോടി ജന്മ കൃതമായിട്ടുള്ള സകലപാപങ്ങളും നശിച്ച് മനസ്സിനെ നിർമ്മലമാക്കുന്നു എന്നാണ് അഭിജ്ഞമതം. അപ്പോൾ യഥാവിധി ശ്രവണമനനനിദിധ്യാസനങ്ങളോടെയുള്ള ഭാഗവതോപാസനയുടെ മാഹാത്മ്യം ആർക്കാണ് പറയുവാൻ സാധിയ്ക്കുക.